കണ്ണൂർ: ഡി.വൈ. എഫ്. ഐ ജാഥാപരിപാടിയുടെ സ്വീകരണത്തിൽ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച നടപടി വിവാദമാകുന്നു. കുട്ടികളെ രാഷ്ട്രീയ പരിപാടിക്കായി ഉപയോഗിച്ചതിനെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തി. ഓഗസ്റ്റ് പതിനഞ്ചിന് ഡി.വൈ. എഫ്. ഐ സംസ്ഥാന വ്യാപകമായി നടത്തിയ ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ കാൽ നടജാഥ മാങ്ങാട്ടിടം കൈതേരിയിൽ എത്തിയപ്പോൾ പ്രദേശത്തെ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ ജാഥാലീഡറെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചിരുന്നു.

ജാഥയ്ക്കു സ്വീകരണം നൽകുന്നതിനു ഭിന്നശേഷി വിദ്യാർത്ഥികളെ പ്രേരിപ്പിച്ച സ്‌കൂൾ അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ചിറ്റാരിപറമ്പ് മണ്ഡലം കമ്മിറ്റി അധികൃതർക്ക് പരാതി അയച്ചതായി ബിജെപി ചിറ്റാരിപറമ്പ്മണ്ഡലം പ്രസിഡന്റ് കെ.പി രാജേഷ്, ജനറൽ സെക്രട്ടറി അനീഷ് നീർവേലി, മണ്ഡലം സെക്രട്ടറി ഹൃദ്യ പ്രമോദ് എന്നിവർ അറിയിച്ചു. സംസ്ഥാന ബാലാവകാശകമ്മിഷനും കലക്ടർക്കും മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയതായി അവർ അറിയിച്ചു.

അധികൃതരിൽ നിന്നു യുക്തമായ നടപടിയുണ്ടായില്ലെങ്കിൽ ദേശീയ ബാലാവകാശ കമ്മിഷനെ സമീപിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. സർക്കാർ പരിപാടികളിലും വിവിധ സാംസ്‌കാരിക സംഘടനകളുടെ പരിപാടികളിലും ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ നിന്നും വിലക്കുള്ള സാഹചര്യത്തിലാണ് ഡി.വൈ. എഫ്. ഐ രാഷ്ട്രീയ ജാഥയുടെ സ്വീകരണപരിപാടിയിൽ ജാഥാലീഡറിന് ഹാരാർപ്പണം നടത്താൻ കുട്ടികളെ നിയോഗിച്ചത്.