കൊച്ചി: വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധമായും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് നിർദേശിച്ചു. വ്യാപാര സ്ഥാപനം നടത്തുന്നതിനാ വശ്യമായ ഭക്ഷ്യ സുരക്ഷാ ലൈസൻസ്, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് എന്നിവയും നിർബന്ധമായും കടയിലുണ്ടായിരിക്കണം. ഓണത്തോടനുബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് കളക്ടറുടെ നിർദ്ദേശം.

ഓണക്കാലത്ത് അമിതവില ഈടാക്കുന്ന നടപടി വ്യാപാരികളുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് കളക്ടർ പറഞ്ഞു. നേരത്തേ സംയുക്ത സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്തതും വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതുമായ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ ഓണക്കാലത്ത് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും കാണാറുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. ഇത്തരം നടപടികൾ തുടരുന്ന വ്യാപാര സ്ഥാപനങ്ങൾ ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കും.

കളക്ടറുടെ നിർദ്ദേശം അംഗീകരിക്കുന്നതായി വ്യാപാരി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശം പാലിക്കുന്നതിന് എല്ലാ വ്യാപാരികൾക്കും നിർദ്ദേശം നൽകുമെന്ന് പ്രതിനിധികൾ പറഞ്ഞു. ഗോതമ്പിന്റെ സ്റ്റോക്ക് മോണിറ്റർ ചെയ്യുന്നതിനായി ഭക്ഷ്യ വിതരണ വകുപ്പിന്റെ വേേു://ല്‌ലഴീശഹ.െിശര.ശി/ംുെ/ഹീഴശി എന്ന ലിങ്കിൽ ലഭ്യമായിട്ടുള്ള ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിങ് പോർട്ടലിൽ എല്ലാ മൊത്ത / ചില്ലറ വ്യാപാരികൾ / മില്ലുടമകൾ എന്നിവർ രെജിസ്റ്റർ ചെയ്യണമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഗോതമ്പിന്റെ സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ ചേർക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ അബ്ദുൽ റസാക്ക്, പോൾ ജെ മമ്പിള്ളി, എ. ആർ. ദയാനന്ദൻ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി വി എസ്. രാജേഷ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ കെ. ടി. റഹീം, അബ്ദുൽ സമദ്, കെ. റായീസ്, ജില്ലാ സപ്ലൈ ഓഫീസർ ടി. സഹീർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു