പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നാറാണംമൂഴി സമ്പൂർണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തിന് ഒരു വീഴ്ചയും വരാതെ അതീവ ജാഗ്രതയോടെ സർക്കാർ മുന്നോട്ട് പോകും.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 17 ലക്ഷം ഗ്രാമീണ വീടുകളിൽ മാത്രമാണ് ശുദ്ധജലം ലഭിച്ചിരുന്നത്. ഇപ്പോഴത് 36 ലക്ഷം വീടുകളായി ഉയർന്നു. 2025 ആകുമ്പോഴേക്കും ഈ പദ്ധതിയുടെ പ്രയോജനം മുഴുവൻ ആളുകളിലേക്കും എത്തിക്കും. ഗുണനിലവാരം ഉറപ്പാക്കിയ ജലമാണ് എല്ലാ വീടുകളിലേക്കും എത്തിക്കുന്നത്. ധാരാളം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ 266 കോടി ജനമാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. കേരളത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജൽജീവൻ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ 2898 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 24.05 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഒരു നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്. റാന്നി മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് വലിയ പ്രാധാന്യം നൽകിയാണ് പ്രമോദ് നാരായൺ എംഎൽഎ പ്രത്യേകമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്നും എംഎൽഎയ്‌ക്കൊപ്പം ജില്ലാ ഭരണകൂടം മികച്ച പ്രവർത്തനം കാഴ്ച വച്ചുവെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ തന്നെ റാന്നിയുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന് കുടിവെള്ളമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കുടിവെള്ളത്തിനും വികസനത്തിനും ഒരു രാഷ്ട്രീയചുവയുമില്ല. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും നാറാണംമൂഴി പഞ്ചായത്തിന്റെ ചിരകാലസ്വപ്നമാണ് ഇതോടെ പൂവണിയുന്നതെന്നും എംഎൽഎ പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, കേരള ജലഅഥോറിറ്റി അംഗം ഉഷാലയം ശിവരാജൻ, ദക്ഷിണ മേഖല കേരള ജല അഥോറിറ്റി ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.