കോട്ടയം: പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര തർക്ക പരിഹാര സമിതി സർക്കാരിനു കീഴിൽ ഉള്ളത് ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാപനങ്ങളിലും രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം. 

ആഭ്യന്തര തർക്ക പരിഹാര സമിതി സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യമായി. സർക്കാരിന്റെ കീഴിലുള്ള ജില്ലാ ബോർഡിലെ വനിതാ ജീവനക്കാർ മേലധികാരിക്കെതിരേ നൽകിയ പരാതി പരിഗണിക്കവേയാണ് ആഭ്യന്തര തർക്ക പരിഹാര സമിതി സംബന്ധിച്ച് കമ്മിഷനംഗം പരാമർശിച്ചത്. ഈ കേസിൽ സ്ഥാപനത്തിന്റെ മേലധികാരി ഹാജരാകാൻ നിർദ്ദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികമായ പ്രശ്‌നങ്ങൾ വർധിച്ചു വരുകയാണ്. മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നില്ല, അവരുടെ വീട്ടിൽ താമസിക്കുന്ന മക്കൾ ആഹാരം നൽകുന്നില്ല, സ്വാതന്ത്ര്യം നൽകുന്നില്ല, മക്കളെ മാറ്റി താസമിപ്പിക്കണം തുടങ്ങിയ പരാതികളും പരിഗണനയ്ക്ക് എത്തി. ഇതു സംബന്ധിച്ച് ലഭിച്ച രണ്ടു പരാതികളിലും ഇരുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും ഒത്തുതീർപ്പുണ്ടാക്കാനും സാധിച്ചെന്നും വനിത കമ്മിഷനംഗം പറഞ്ഞു.

അദാലത്തിൽ 62 പരാതികൾ പരിഗണിച്ചതിൽ 17 എണ്ണം പരിഹരിച്ചു. രണ്ടു പരാതികളിൽ റിപ്പോർട്ട് തേടി. 43 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. കുടുംബപ്രശ്‌നം, ഗാർഹികപീഡനം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ എന്നീ കേസുകളാണ് കമ്മിഷന് മുന്നിലെത്തിയത്. അഡ്വ. ഷൈനി ഗോപി, അഡ്വ.മീര രാധാകൃഷ്ണൻ, അഡ്വ. സി.കെ. സുരേന്ദ്രൻ, വനിത കമ്മിഷൻ ജീവനക്കാരായ എസ്. ലേഖ, മായദേവി തുടങ്ങിയവരും പങ്കെടുത്തു.