കരിപ്പൂർ: കരിപ്പൂർ വിമാനത്താവളംവഴി സ്വർണവും വിദേശ കറൻസിയും കടത്താൻ ശ്രമിച്ച നിരവധി പേർ ഇന്നലെ കസ്റ്റംസിന്റെ പിടിയിലായി. 3606 ഗ്രാം സ്വർണമിശ്രിതവും 20,90,000 രൂപയുടെ വിദേശകറൻസിയും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിവിധ സംഭവങ്ങളിലായാണ് സ്വർണവും പണവും പിടികൂടിയത്.

സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് അജ്മൽ ഫാഹിൽ (25) നിന്നാണ് 1,00,000 സൗദി റിയാൽ പിടിച്ചത്. ബാഗിൽ ഒളിപ്പിച്ച് മതിയായ രേഖകളില്ലാതെ വിദേശത്തേക്കു കടത്താൻ ശ്രമിക്കുകയായിരുന്നു. നാല് യാത്രക്കാരിൽനിന്നാണ് കാപ്‌സ്യൂളുകളിലാക്കിയ നിലയിൽ സ്വർണമിശ്രിതം പിടിച്ചത്. ബഹ്‌റൈനിൽനിന്ന് ഗൾഫ് എയർ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി കളരാന്തിരിയിലെ വലിയകൽപള്ളി മുഹമ്മദ് സൈബിനിൽ (27)നിന്ന് 1117 ഗ്രാം തൂക്കമുള്ള നാലു ക്യാപ്‌സൂളുകളും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ അടിവാരത്തെ ഫവാസ് കുഴിയഞ്ചേരി (34)ൽനിന്ന് 535ഗ്രാം തൂക്കമുള്ള രണ്ട് ക്യാപ്‌സൂളുകളുമാണ് പിടിച്ചത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ഇരുവരും ശ്രമിച്ചത്.

എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നെത്തിയ കണ്ണൂർ കുന്നോത്ത് വീട്ടിൽ മുഹമ്മദ് ഹനീഫ (33)യിൽനിന്ന് 1119 ഗ്രാം തൂക്കം ഉള്ള നാലു ക്യാപ്‌സൂളുകളും കോഴിക്കോട് കക്കോടി കൂട്ടൂർ വീട്ടിൽ കുഞ്ഞഹമ്മദ് കൂട്ടൂരി (53)ൽനിന്ന് 837 ഗ്രാം തൂക്കം ഉള്ള മൂന്ന് കാപ്‌സ്യൂളുകളും പിടിച്ചു.