കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഓണത്തിന് ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കായിരിക്കും സർവീസെന്നാണ് റിപ്പോർട്ട്. മംഗളൂരുവിൽ പിറ്റ്ലൈനും സജ്ജമാക്കി. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തുന്ന വിധത്തിലായിരിക്കും സമയക്രമം.

നിലവിൽ ഓടുന്ന വന്ദേഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരിലെത്തുക. എക്‌സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10-ന് തന്നെ എത്തും.

മംഗളൂരുവിൽ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്ലൈൻ സജ്ജമായി. നിലവിൽ മംഗളൂരുവിൽ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്ലൈനുണ്ട്. ഇവയിൽ ഒന്നിലാണ് ഓവർ ഹെഡ് ലൈൻ വലിച്ചത്. വന്ദേഭാരതിന്റെ ചെറിയ അറ്റകുറ്റപ്പണിക്കായി മംഗളൂരുവിൽ 11000/750 വോൾട്ട് സബ്സ്റ്റേഷനുമുണ്ട്. നിലവിൽ കൊച്ചുവേളിയിലാണ് അറ്റകുറ്റപ്പണിക്കുള്ള സൗകര്യമുള്ളത്. വന്ദേഭാരത് ക്രൂ പരിശീലനത്തിലാണ്. പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാർക്ക് ചെന്നൈ ആവഡിയിൽ പരിശീലനം തുടങ്ങി. സാങ്കേതിക കാര്യങ്ങൾ നോക്കുന്ന മെക്കാനിക്കൽ (കാര്യേജ് ആൻഡ് വാഗൺ) വിഭാഗവും ചെന്നൈയിൽ ഇപ്പോൾ പരിശീലനത്തിലാണ്.