- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ യാത്ര ചെയ്യവെ ഹെൽമെറ്റിനുള്ളിലിരുന്ന പാമ്പ് കടിച്ചു; യുവാവിനെ കടിച്ചത് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ്: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ബൈക്കിൽ യാത്രചെയ്യവെ യുവാവിന് ഹെൽമെറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പിന്റെ കടിയേറ്റു. നടുവത്തൂർ കൊളപ്പേരി രാഹുലിനെയാണ് (30) പാമ്പു കടിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ രാഹുൽ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ഹെൽമെറ്റിനുള്ളിൽ കടന്നു കൂടിയ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് തലയിൽ കടിച്ചത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കുശേഷം ചൊവ്വാഴ്ച രാത്രി രാഹുൽ വീട്ടിൽ തിരിച്ചെത്തി. 10 ദിവസത്തെ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചതായി രാഹുൽ പറഞ്ഞു. നടുവത്തൂരിൽനിന്ന് കൊയിലാണ്ടിയിലെ ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ ബൈക്കിൽ അല്പദൂരം സഞ്ചരിച്ചപ്പോഴാണ് രാഹുലിന് തലയുടെ വലതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോഴാണ് ഉൾഭാഗത്തായി വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്.
ഹെൽമറ്റ് ഊരിയ ഉടൻതന്നെ പാമ്പ് നിലത്തുവീണെന്നും തുടർന്ന് ഇഴഞ്ഞുപോയെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24 മണിക്കൂറിനുശേഷമാണ് രാഹുലിന്റെ നിലമെച്ചപ്പെട്ടത്.




