കണ്ണൂർ: തളിപറമ്പിന് സമീപമുള്ള പട്ടുവത്ത് മണൽ കടത്ത് സംഘത്തിന്റെ മിനിലോറി നിയന്ത്രണംവിട്ടു താഴ്ചയിലേക്ക് മറിഞ്ഞത് ഉയർത്താനെത്തിയ ക്രെയിൻഅപകടത്തിൽപെട്ട് ഓപ്പറേറ്റർ മരിച്ചു. കണ്ണപുരം ചുണ്ടവയൽ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം ടി.ഹൗസിൽ മാറ്റാങ്കീൽ താഴെപുരയിൽ മുസ്തഫ(38) യാണ് മരിച്ചത്.

വ്യാഴാഴ്‌ച്ച പുലർച്ചെ ഒന്നരയോടെയാണ് മണൽകടത്ത് സംഘത്തിന്റെ കെ.എൽ-12 ഡി 9006 മിനിലോറി പട്ടുവം മാണുക്കര മുതുകുട എൽ.പി.സ്‌ക്കൂളിന് സമീപം മറിഞ്ഞത്. പൊലിസറിയാതെ വാഹനം പൊക്കിമാറ്റാനായി മണൽകടത്ത് സംഘം കുപ്പം, വളപട്ടണം എന്നിവിടങ്ങളിലെ ഖലാസിമാരെ വിളിച്ചുവെങ്കിലും പുലർന്നതിന് ശേഷം മാത്രമേ വരാനാൻകഴിയുമെന്ന് ഇവർ പറഞ്ഞതിനാൽ കണ്ണപുരത്തെ ക്രെയിൻ ഓപ്പറേറ്റർ മുസ്തഫയെ വിളിച്ചുവരുത്തുകയായിരുന്നു.

വാഹനം ഉയർത്താനുള്ള ശ്രമത്തിനിടയിൽ വൈദ്യുതി തൂണിലിടിച്ച് ക്രെയിൻ മറിഞ്ഞ് അകത്ത് കുടുങ്ങിയ മുസ്തഫ ഞെരിഞ്ഞ് മരിക്കുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും അഗ്നിശമനനിലയം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മുസ്തഫയെ ക്രെയിനിന്റെ കാബിനിൽ നിന്ന് പുറത്തെടുത്തത്.

ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർമാരായ കെ.വി.സഹദേവൻ, ടി.വി.പ്രകാശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ടി.വി.രജീഷ്‌കുമാർ, കെ.വി.രാജീവൻ, എ.എഫ്.ഷിജോ, വി.ആർ.നന്ദഗോപാൽ, കെ.ബിജു, ടി.വി.നികേഷ്, വി.ജയൻ, സി.വി.രവീന്ദ്രൻ എന്നിവരും അഗ്നിശമന സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പരേതനായ അബ്ദുള്ള-ആസീമ ദമ്പതികളുടെ മകനാണ്. ഭാര്യ: മാഫിദ.മകൾ: ഫാത്തിമ മെഹ്‌റ.സഹോദരങ്ങൾ: അഷറഫ്, സിദ്ദിഖ്. മൃതദേഹം വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് ശേഷം കണ്ണപുരം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.സംഭവത്തിൽ തളിപറമ്പ്പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.