തിരുവനന്തപുരം: വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന മുദ്രാവാക്യമാണ് സാമൂഹിക നീതി വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. പായസ മിക്സുൾപ്പെടെ 14 ഭക്ഷ്യ സാധനങ്ങളാണ് കിറ്റിലുൾപ്പെടുത്തിയിട്ടുള്ളത്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കമുള്ള മുഴുവൻ അന്തേവാസികൾക്കും മികച്ച സാഹചര്യമൊരുക്കുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. അത്തരത്തിൽ സന്തോഷകരമായ ഓണത്തിനുള്ള സ്നേഹ സമ്മാനമാണ് ഓണക്കിറ്റെന്നും മന്ത്രി പറഞ്ഞു.

സന്തോഷകരമായ ഓണദിനങ്ങൾക്ക് വേണ്ടി ന്യായ വിലക്ക് ഭക്ഷ്യധാന്യമെത്തിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.