ഇടുക്കി: തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ മുൻപ് പല തവണ അടിപിടിയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. വെട്ടേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബാലഗ്രാമിലെ ഒരു പച്ചക്കിക്കടയിൽ മൂന്നുമാസം മുമ്പ് നടന്ന തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാണം. ഹരിയും സന്തോഷും തമ്മിൽ വക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പിന്നീട് രണ്ടുതവണ ഇവർ തമ്മിൽ അടിപിടിയുണ്ടായി. തുടർന്നാണ് ഓട്ടോറിക്ഷയിൽ സ്‌കൂൾ വിദ്യാർത്ഥികളെ ഇറക്കി മടങ്ങിയ ഹരിയെ സന്തോഷ് തടഞ്ഞുനിർത്തി വടിവാൾകൊണ്ട് ആക്രമിച്ചത്.

വെട്ടേറ്റ ഹരിയെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. കടുക്കൻ സന്തോഷ് എന്നറിയപ്പെടുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സന്തോഷിനെതിരെ നേരത്തേയും പരാതികൾ ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.