തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരെ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങളിൽ എംഎൽഎയെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മാത്യു കുഴൽനാടനോട് എല്ലാവർക്കും വീരാരാധനയാണുള്ളതെന്നും നല്ല നട്ടെല്ലോടു കൂടിയാണു മാത്യു കുഴൽനാടൻ വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേസ് നടത്താനുള്ള അനുമതി കെപിസിസി അദ്ദേഹത്തിനു നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

''ആരോപണങ്ങളോടും വിമർശനങ്ങളോടും പ്രതികരിക്കാതെ ഒളിച്ചോടുകയാണു മുഖ്യമന്ത്രി. എന്നാൽ ആരോപണം ഉയർന്നപ്പോൾ മാത്യു കുഴൽനാടൻ വാക്കുകൾ കൊണ്ട് എതിരാളികളെ തറപറ്റിച്ചു. സിപിഎം പ്രവർത്തകർ വരട്ടെ, അക്കൗണ്ട് രേഖകൾ തരാമെന്ന് എത്ര തന്റേടത്തോടു കൂടിയാണു മാത്യു പറഞ്ഞത്.

എല്ലാ രേഖകളും പരിശോധിക്കാൻ തരാമെന്നു പറയാൻ നട്ടെല്ലു കാണിച്ച മാത്യു കുഴൽനാടൻ കോൺഗ്രസിന്റെ അഭിമാനമാണ്. കേസ് നടത്താൻ കെപിസിസി എല്ലാ അനുമതിയും നൽകിയിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ മാത്യുവിനുണ്ട്''സുധാകരൻ വിശദീകരിച്ചു. മാത്യു കുഴൽനാടനോട് എല്ലാവർക്കും വീരാരാധനയാണുള്ളത്. ഇത്ര കരുത്തോടെ പിണറായി വിജയനെ വെല്ലുവിളിച്ചു സംസാരിക്കാൻ സാധിക്കുന്ന നട്ടെല്ലുള്ള നേതാക്കൾ എത്രപേരുണ്ടെന്നും സുധാകരൻ ചോദിച്ചു.