- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പുറത്താക്കിയതിന്റെ വൈരാഗ്യം; ഹൈദരാബാദിൽ ഹോട്ടൽ മാനേജരെ വെടിവച്ചുകൊന്ന മലയാളി ജീവനക്കാരൻ അറസ്റ്റിൽ
പാലക്കാട്: ഹൈദരാബാദിൽ ഹോട്ടൽ മാനേജരെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ മലയാളിയായ മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മങ്കര സ്വദേശി രതീഷ് നായർ (42) ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയും ഹൈദരാബാദ് മിയാപുർ സന്ദർശിനി എലൈറ്റ് ഹോട്ടലിലെ ജനറൽ മാനേജരുമായ ദേബേന്ദർ ഗയൻ (35) ആണു കൊല്ലപ്പെട്ടത്.
ബുധനാഴ്ച അർധരാത്രിയാണു സംഭവം. ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ദേബേന്ദറിനെ ബൈക്കിലെത്തിയ രതീഷ് നാടൻ തോക്ക് ഉപയോഗിച്ചു 5 തവണ വെടിവയ്ക്കുകയായിരുന്നുവെന്നു മധാപുർ ഡപ്യൂട്ടി കമ്മിഷണർ ജി.സന്ദീപ് അറിയിച്ചു.
രതീഷ് പിന്നീടു ബൈക്കിൽ കടന്നുകളയുകയായിരുന്നു. നെഞ്ചിലും വയറിലും പരുക്കേറ്റ ദേബേന്ദറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. രതീഷിനെ പൊലീസ് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു. രതീഷ് നായർ കഴിഞ്ഞ ഒരു വർഷമായി മിയാപുരിലെ സന്ദർശിനി എലൈറ്റ് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ദേബേന്ദർ പുറത്താക്കിയതായും ഇതിന്റെ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.




