കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നൂറിലധികം പേരെ കബളിപ്പിച്ച് കോടികൾ തട്ടിയ തൊടുപുഴ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ. പാലാരിവട്ടം തമ്മനം കാനൻ ഇന്റർനാഷണൽ എജ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം നടത്തിവന്ന തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ ജയ്സൺ (കണ്ണൻ തങ്കപ്പൻ-50) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിൽനിന്ന് പിടിച്ചത്. കേരളത്തിൽ നിന്നും മുങ്ങിയ ഇയാൾ ഡൽഹിയിലും മറ്റൊരു പേരിൽ സ്ഥാപനം തുടങ്ങാനിരിക്കേയാണ് കേരളാ പൊലീസിന്റെ പിടിയിലായത്.

പാലാരിവട്ടം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതിയുണ്ടായിരുന്നു. പ്രതിയും ഭാര്യ ജെൻസി ദേവസിയും ചേർന്ന് 2021-ലാണ് തമ്മനത്ത് സ്ഥാപനം തുടങ്ങുന്നത്. പത്രങ്ങളിൽ പരസ്യം നൽകി കേരളത്തിലെ വിവിധ ജില്ലകളിലുള്ള ചെറുപ്പക്കാരായ ഉദ്യോഗാർഥികളെ യു.കെ., കാനഡ, ഓസ്ട്രേലിയ, ചെക് റിപ്പബ്ലിക്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് രണ്ടുമുതൽ എട്ടുലക്ഷം രൂപ വരെ ചെലവു വരുമെന്നു കാണിച്ച് കരാറെഴുതിയ ശേഷം അഡ്വാൻസ് തുകയായി രണ്ടുലക്ഷം രൂപ വരെ വാങ്ങിയെടുക്കും.

തുടർന്ന് വ്യാജമായി ഉണ്ടാക്കിയെടുത്ത വിവിധ ഭാഷകളിലുള്ള സർട്ടിഫിക്കറ്റുകൾ വിസയാണെന്നു കാണിച്ച് ഉദ്യോഗാർഥികളുടെ ഇ-മെയിലിലേക്ക് അയച്ച് വിശ്വസിപ്പിച്ച ശേഷം ബാക്കി തുക വാങ്ങിയെടുക്കും. തുടർന്ന് വിസ റദ്ദായെന്നു പറഞ്ഞ് പണം തട്ടുന്നതാണ് ഇവരുടെ രീതി. പാലാരിവട്ടം പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ജയ്‌സൺ ഡൽഹിയിൽ മറ്റൊരു പേരിൽ സ്ഥാപനം തുടങ്ങാനിരിക്കേ രഹസ്യ നീക്കത്തിലൂടെയാണ് അവിടെ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.