കണ്ണൂർ: മാഹിയിൽ വെച്ച് വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കൽ താമസക്കാരനുമായ എംപി. സൈദീസ് (32) ആണ് അറസ്റ്റിലായത്. ആർ.പി.എഫിന്റെ പ്രത്യേക സംഘമാണ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16-ന് വൈകീട്ട് നാലിനാണ് ഇയാൾ വന്ദേഭാരതിന് കല്ലെറിഞ്ഞത്. വന്ദേഭാരതിലെ ക്യാമറകൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20633) മാഹി സ്റ്റേഷനടുത്തുവച്ചാണ് കല്ലെറിഞ്ഞത്. കല്ലേറിൽ സി-8 എക്സിക്യുട്ടീവ് കോച്ചിന്റെ 23, 24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു. മാഹിയിൽ പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സൈബീസ്. കൊണ്ടോട്ടി തുറക്കൽ ചെമ്മിനപ്പറിലെ ഭാര്യവീട്ടിലാണ് താമസം. മാഹി സ്റ്റേഷനിലെ പ്ലാറ്റ്ഫോം എത്തും മുൻപ് ഭാര്യയുമായി ഫോണിൽ സംസാരിച്ചുണ്ടായ ദേഷ്യത്തിൽ ഒരു കല്ല് മുകളിലേക്ക് എറിഞ്ഞപ്പോൾ വന്ദേഭാരതിന് കൊണ്ടുപോയതെന്നാണ് പ്രതി ആർ.പി.എഫിന് മൊഴിനൽകിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയതായി ആർ.പി.എഫ്. അറിയിച്ചു.

വന്ദേഭാരതിനുള്ളിൽ എല്ലാ ക്യാബിനിലും സി.സി.ടി.വി. ക്യാമറകളുണ്ട്. ഉള്ളിലെ ചില ക്യാമറകളുടെ നിരീക്ഷണം പുറത്തേക്കും ഉണ്ട്. അതിലെ ഫൂട്ടേജടക്കം പരിശോധിച്ചതാണ് നിർണായകമായത്. അതിൽനിന്നാണ് ഏകദേശ രൂപവും സ്ഥലവും മറ്റും ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കെച്ച് വരച്ചു. സമീപത്തുണ്ടായ നിരവധിപേരെ ചോദ്യം ചെയ്തു. ടവറിലെ ഫോൺകോളുകൾ പരിശോധിച്ചു. ഫോൺനമ്പർ കിട്ടി. അതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ കണ്ണൂർ എസ്‌ഐ. എൻ.കെ. ശശി, തലശ്ശേരി എസ്‌ഐ. പി. വിനോദ്, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് എസ്‌ഐ. അജിത് ശോക്, എഎസ്ഐ. വി.വി. സഞ്ജയ്, ഹെഡ് കോൺസ്റ്റബിൾ സജേഷ്, എം.കെ. സജീവൻ, സിഐ.ബി.യിലെ ഹെഡ് കോൺസ്റ്റബിൾ അജീഷ്, അബ്ദുൾ സത്താർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.