- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മൂല്യങ്ങളെ ഇല്ലാതാക്കാൻ യത്‌നിക്കുന്ന ജാതിമത മൗലികവാദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലം; ചട്ടമ്പി സ്വാമി നാടിനെ ഇരുട്ടിൽ തള്ളിയിരുന്ന ജന്മി - ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടി; ചട്ടമ്പി സ്വാമി അനുസ്മരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായ ചട്ടമ്പി സ്വാമികളുടെ സ്മൃതി ദിനത്തിൽ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ചടമ്പി സ്വാമി അനുസ്മരണം.
മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായ ചട്ടമ്പി സ്വാമികളുടെ സ്മൃതി ദിനമാണ് ഇന്ന്. നാടിനെ ഇരുട്ടിൽ തള്ളിയിരുന്ന ജന്മി - ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ചട്ടമ്പി സ്വാമികൾ ജനങ്ങളിലേക്ക് അറിവിന്റെ പ്രകാശം ചൊരിഞ്ഞു. അവരുടെ ഹൃദയങ്ങളിൽ നീതിയുടെയും സമത്വത്തിന്റെയും ആശയങ്ങൾ പ്രതിഷ്ഠിച്ചു.
ശാസ്ത്രവും വേദാന്തവും സംഗീതവും ഉൾപ്പെടെ അനവധി മേഖലകളിൽ ആഴത്തിലുള്ള പാണ്ഡിത്യം ഉണ്ടായിരുന്ന സ്വാമികൾ തന്റെ സാമൂഹ്യ പ്രവർത്തനത്തിലൂടെ അവയെ കൂടുതൽ ജനകീയവൽക്കരിച്ചു. യാഥാസ്ഥിതിക മൂല്യങ്ങൾക്കും അശാസ്ത്രീയതയ്ക്കും ജാതി മത വേർതിരിവുകൾക്കും എതിരെ പോരാടിയ അദ്ദേഹം ഉൾപ്പെടെയുള്ള നവോത്ഥാന സാമൂഹ്യ പരിഷ്‌കർത്താക്കൾ കൂടി തീർത്ത സാമൂഹിക സാംസ്‌കാരിക അടിത്തറയിലാണ് ആധുനിക കേരളം ഇന്ന് നിലകൊള്ളുന്നത്.
ആ മൂല്യങ്ങളെ ഇല്ലാതാക്കാൻ യത്‌നിക്കുന്ന ജാതിമത മൗലികവാദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടത് അനിവാര്യമായിരിക്കുന്ന കാലമാണിത്. ചട്ടമ്പി സ്വാമികളുടെ ചരിത്രത്തിൽ നിന്നും അതിനുള്ള ഊർജ്ജവും ദിശാബോധവും നമുക്ക് സ്വീകരിക്കാം. കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യത്തെ കൈവെടിയാതെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. നവ കേരളത്തിനായി കൈകോർക്കാം.



