- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വാദമില്ലെന്ന് ഗ്രോ വാസു; കോടതി വരാന്തയിൽ മുദ്രാവാക്യം മുഴക്കി മടക്കം; കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിന്റെ തുടർവിചാരണ അടുത്തമാസം നാലിന് നടക്കും. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഹാജരാക്കിയിരുന്നു.
40 മിനിറ്റോളം നീണ്ട വിചാരണയിൽ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ എസ്‌ഐ ഉബൈദുല്ല, എഎസ്‌ഐ സി.പി. അണ്ടാൽ അസീസ് എന്നിവരെ വിസ്തരിച്ചു. കേസിലെ ഒന്നു മുതൽ നാലുവരെ സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാൽ 3, 4 സാക്ഷികൾ എത്തിയില്ല.
കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വാദം ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനു രണ്ടു തവണയും ഇല്ലെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. കനത്ത സുരക്ഷയാണു കോഴിക്കോട് കുന്നമംഗലം കോടതി പരിസരത്ത് ഒരുക്കിയത്. 94 വയസ്സുള്ള ഗ്രോ വാസുവിനു കോടതിയിൽ ഇരിക്കാൻ സ്റ്റൂൾ അനുവദിച്ചിരുന്നു.
കോടതി വരാന്തയിൽ മുദ്രാവാക്യം മുഴക്കിയാണ് ഗ്രോ വാസു തിരിച്ചു പോയത്. കോടതിയിൽനിന്നു തിരിച്ചു പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഗ്രോ വാസുവിന്റെ മുഖം ഉദ്യോഗസ്ഥൻ പൊലീസ് തൊപ്പി ഉപയോഗിച്ചു മറച്ചു.
മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണു ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.




