കോട്ടയം: കോട്ടയം ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കൺട്രോളർ വി.കെ അബ്ദുൾ ഖാദറിന്റെ നിർദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ശരിയായ രീതിയിൽ അല്ലാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, വില കൂടുതൽ വാങ്ങുക, വില തിരുത്തി വിൽപന നടത്തുക, രജിസ്‌ട്രേഷൻ എടുക്കാതിരിക്കുക, അളവിൽ കുറച്ച് വിൽപ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് പരിശോധനകൾ നടത്തുന്നത്. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർമാരായ ഇ.പി അനിൽ കുമാർ, സുജ ജോസഫ് എന്നിവർ അറിയിച്ചു.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഇതുവരെ പൊലീസ്, ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ 1564.53 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയോടെ ഇതുവരെ 1634.63 ലിറ്റർ മദ്യമാണ് പൊലീസ്, എക്‌സൈസ്, വിവിധ സ്‌ക്വാഡുകൾ എന്നിവ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 5,15,353.50 രൂപയാണ്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എം.ഡി.എം.എ, ഒൻപത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കൾ, 12 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.