പനാജി: ഗോവയിൽ വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ഗോവയിൽ സന്ദർശനത്തിനെത്തിയ ലക്ഷ്മൺ ഷിയാർ എന്ന 47 കാരനാണ് പ്രതി. നോർത്ത് ഗോവയിലെ അസോനോറ ഗ്രാമത്തിലെ റിസോർട്ടിലാണ് ബലാത്സംഗം നടന്നത്.

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ പ്രായം പൊലീസ് വ്യക്തമാക്കിയട്ടില്ല. ഇരുവരും വിമാനത്തിൽ വച്ച് കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു.

ഓഗസ്റ്റ് 23 ന് ലക്ഷ്മൺ ഷിയാർ യുവതിയെ ഫോണിൽ വിളിച്ച് അസോനോറയിൽ താമസിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. യുവതി റിസോർട്ടിലെത്തിയപ്പോൾ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് പറയുന്നു.