പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം തടയരുതെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാൻ പാടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവിന്റെ കത്ത് പൂർണ രൂപത്തിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടെന്ന മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാൻ പാടില്ല. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തിൽ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ നൽകുന്ന പദ്ധതിയിൽ നിന്നും കോട്ടയം ജില്ലയെ തൽക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.