- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം; ഓണക്കാലത്ത് മാവേലി സ്റ്റോറുകളിൽ അവശ്യ ഇനത്തിൽ പെട്ട സാധനങ്ങൾ പോലും കിട്ടാനില്ല; ജനം അവിടെയെത്തി വെറും കയ്യോടെ തിരിച്ചുപോകുകയാണെന്നും വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാത്തത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സമസ്ത വിഭാഗം ജനങ്ങളും വിലക്കയറ്റത്തിൽ പെട്ട് നട്ടം തിരിയുകയാണ്. വില നിയന്ത്രണത്തിനുള്ള സർക്കാർ സംവിധാനങ്ങൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു. ഓണക്കാലത്ത് മാവേലി സ്റ്റോറുകളിൽ അവശ്യ ഇനത്തിൽ പെട്ട സാധനങ്ങൾ പോലും കിട്ടാനില്ല. ജനം അവിടെയെത്തി വെറും കയ്യോടെ തിരിച്ചുപോകുകയാണ്.
ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ നിയമ സഭയെ പോലു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് സർക്കാർ നൽകിയത്. സപ്ലൈകോക്ക് സർക്കാർ നൽകാനുള്ളത് 3500 കോടി രൂപയാണ് .അതു നൽകാൻ ഒരു ശ്രമവും ഭരണ നേതൃത്വം നടത്തുന്നില്ല. ഇങ്ങനെ പോയാൽ സപ്ലൈകോക്ക് കെ എസ് ആർ റ്റി സിയുടെ ഗതിയാവും ഉണ്ടാവുക. സർക്കാർ ജീവനക്കാർക്ക് ആറ് ഗഡു ഡി എ കുടിശ്ശിക വരുത്തിയിരിക്കുന്നു. സകലരും അരക്ഷിതരായ അവസ്ഥ കേരളചരിത്രത്തിൽ തന്നെ ആദ്യമാണ്.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും കലാസാംസ്‌കാരിക വിഭാഗമായ സരസും സെക്രട്ടേറിയറ്റ് വനിതാവേദിയും സമഷ്ടിയും സംയുക്തമായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കാരുണ്യത്തിന്റെയും കരുതലിന്റെയും ആൾരൂപമായ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ കാരുണ്യോദയം പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതിയിൻ കീഴിൽ 151 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റും നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും അദ്ദേഹം വിതരണം ചെയ്തു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ താരം സുമി മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ബിനോദ് കെ, ട്രഷറർ കെ എം അനിൽകുമാർ, സരസ് പ്രസിഡന്റ് ലതീഷ് എസ് ധരൻ, സെക്രട്ടറി അജേഷ് എം, ട്രഷറർ ആർ രാമചന്ദ്രൻനായർ,സെക്രട്ടേറിയറ്റ് വനിതാവേദി പ്രസിഡന്റ് സുനിത എസ് ജോർജ് ,സെക്രട്ടറി ഉമൈബ വി, രാജേഷ് എം ജി അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സുധീർ എ, റീജ എൻ, സൂസൻ ഗോപി, ഗോവിന്ദ് ജി ആർ ,പ്രസീന എൻ, പാത്തുമ്മ വി എം, ജി രാമചന്ദ്രൻ നായർ, മീര സുരേഷ്, സ്മിത അലക്‌സ്, സുനിൽ പുളിമാത്ത് തുടങ്ങിയവർ സംസാരിച്ചു.




