- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റ് വിതരണത്തിൽ മെല്ലെപോക്ക്; രണ്ടാം ദിനം കിറ്റ് നൽകിയത് പന്ത്രണ്ടായിരത്തോളം പേർക്ക്; ഇനി മൂന്നു ദിവസം കൊണ്ട് വിതരണം ചെയ്യേണ്ടത് 5.75 ലക്ഷം കിറ്റുകൾ
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ രണ്ടാം ദിനവും മെല്ലെപോക്ക്. പന്ത്രണ്ടായിരത്തോളം പേർക്കാണ് ഇന്നലെ കിറ്റ് വിതരണം ചെയ്തത്. ഇനി മൂന്നു ദിവസം കൊണ്ട് ഏകദേശം 5.75 ലക്ഷം എഎവൈ (മഞ്ഞ) കാർഡുടമകൾക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. പലയിടങ്ങളിലും റേഷൻ കടകളിൽ കിറ്റിനായി എത്തിയവർ കിറ്റ് ലഭിക്കാതെ മടങ്ങി.
സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിങ്ങിലെ വേഗമില്ലായ്മയും കാരണം ഓണത്തിനു മുൻപ് മുഴുവൻ മഞ്ഞ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യാനാകുമോയെന്ന് ഭക്ഷ്യ വകുപ്പിനും സംശയമാണ്. ഇന്നലെ വരെ ആകെ 13,760 ഓണക്കിറ്റ് വിതരണം ചെയ്തു. ഇതിൽ പകുതിയും തിരുവനന്തപുരം ജില്ലയിലാണ് 6885. തൃശൂർ (15), ഇടുക്കി (22), കോഴിക്കോട് (27), കാസർകോട് (51), എറണാകുളം (60) ജില്ലകളിൽ നൂറിൽത്താഴെ കാർഡുടമകൾക്കു മാത്രമാണ് കിറ്റ് വിതരണം ചെയ്തത്. ആലപ്പുഴ 1580, കണ്ണൂർ 387, കൊല്ലം 1124, മലപ്പുറം 849, പാലക്കാട് 1979, പത്തനംതിട്ട 468, വയനാട് 217 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഇതുവരെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം.
ഓണക്കിറ്റ് വിതരണം പ്രമാണിച്ച് നാളെയും മറ്റന്നാളും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ, ആവശ്യത്തിനു കിറ്റ് ലഭിക്കാതെ കടകൾ തുറക്കുന്നത് എന്തിനാണെന്നാണു റേഷൻ വ്യാപാരികളുടെ ചോദ്യം.



