- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരമധ്യത്തിൽ വടിവാൾ വീശി കവർച്ച നടത്തി ഗുണ്ടാസംഘം; പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയും ആക്രമണം: നാലു പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ വടിവാൾ വീശി കവർച്ച നടത്തിയ സംഘം പൊലീസുകാരെയും ആക്രമിച്ചു. നഗരത്തിൽ കത്തി കാണിച്ച് കവർച്ച നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെയും സംഘം വടിവാൾ വീശുകയായിരുന്നു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് കോഴിക്കോട് നഗരത്തിൽ ഗുണ്ടാ സംഘം അഴിഞ്ഞാടിയത്. ബൈക്കിൽ പോയവരെയും നടന്നു പോയവരെയുമെല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു.
ഒമ്പത് മണിയോടെ ബൈക്കിലെത്തിയ രണ്ടു പേർ ആനി ഹാൾ റോഡിൽ വഴിയാത്രക്കാരനെ തടഞ്ഞ് നിർത്തി കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം പേഴ്സ് കൈക്കലാക്കി സ്ഥലം വിട്ടു. പിന്നാലെ കോട്ടപ്പറമ്പിലെ ബാറിൽ നിന്നും ഇറങ്ങി വന്ന തിരുവനന്തപുരം സ്വദേശിയെ നാലു പേർ ചേർന്ന് കത്തി വീശി പേഴ്സും പണവും കൈക്കലാക്കിയ ശേഷം രണ്ടു പവന്റെ സ്വർണ്ണ മാലയും പൊട്ടിച്ചെടുത്തു. മാവൂർ റോഡ് ശ്മശാനത്തിനു സമീപത്തു വെച്ചും സമാനമായ അക്രമം അരങ്ങേറിയതിനു പിന്നാലെ വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ട സംഘം പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയ ശേഷം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.പൊലീസ് ഇവരെ പിന്തുടർന്നു. പിന്നാലെ കസബ സ്റ്റേഷൻ പരിധിയിൽ വച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടുടമയെ അക്രമിച്ച് പണം കവർന്നു. സ്ഥലത്തെത്തിയ കസബ പൊലീസും ക്രൈം സ്‌ക്വാഡും ചേർന്ന് സംഘത്തിൽ പെട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി സിറാജുദ്ദീൻ തങ്ങളെ സാഹസികമായി കീഴ്പെടുത്തി. ഇതിനിടയിലാണ് ഒരു പൊലീസുകാരന് പരുക്കേറ്റത്.
പിന്നാലെ സംഘത്തിലുണ്ടായിരുന്ന പെരുമണ്ണ സ്വദേശി അൻഷിദിനെ പുതിയറ വച്ച് പൊലീസ് ഓടിച്ചിട്ട് പിടികൂടി. കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ, വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെ വീട്ടിലെത്തിയാണ് പൊലീസ് സംഘം പിടികൂടിയത്. ഇവർ കവർച്ച ചെയ്ത സ്വർണ്ണാഭരണമുൾപ്പെടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇവർ കവർച്ച നടത്താനായി ഉപയോഗിച്ച ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘങ്ങളായി തിരിഞ്ഞും ഒരുമിച്ചു ചേർന്നുമൊക്കെ പിടിച്ചു പറി നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ലഹരി മരുന്നിന് അടിമകളായ ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. സിറാജുദ്ദിൻ തങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.



