ചിറ്റാരിക്കാൽ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാടുവിട്ട് നേപ്പളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് പോക്‌സോ കേസുകളിൽ പ്രതിയായ കടുമേനി സ്വദേശി ആന്റോ ചാക്കോച്ചൻ അനിയക്കാട്ടിനെ (28) ആണ് അറസ്റ്റിലായത്. മുംബൈ കല്യാണിൽ നിന്നാണ് ചിറ്റാരിക്കാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളിൽ പ്രതിയാണ് ആന്റോ ചാക്കോച്ചൻ. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഇയാൾ നാടുവിടുകയായിരുന്നു. രാജ്യം വിട്ട പ്രതി നേപ്പാളിലെത്തി. അവിടെ അനൂപ് മേനോൻ എന്ന പേരിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഈയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച പൊലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്‌പോർട്ടെടുക്കാനായി നേപ്പാളിൽനിന്ന് മുംബൈയിൽ എത്തിയപ്പോഴാണ് പിടിച്ചത്.

ചിറ്റാരിക്കാൽ പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്‌ഐ. അരുൺ, ഡ്രൈവർ രാജൻ, സ്‌ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.