- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ കസ്റ്റഡി മരണം; താമിർ ജിഫ്രിയുടെ ശരീരത്തിലുള്ളത് പതിമൂന്ന് പരിക്കുകൾ; ലഹരി ഉപയോഗത്തിനുമപ്പുറം മരണകാരണമായത് പൊലീസ് മർദനം: ഡാൻസാഫിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച്
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച്. ആദ്യഘട്ട പ്രതിപ്പട്ടിക സമർപ്പിച്ചപ്പോൾ ലഹരിവിരുദ്ധ സ്‌ക്വാഡിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. സീനിയർ സിപിഒ ജിനേഷ് സിപിഒമാരായ ആൽബിൻ, ജിനേഷ്, വിപിൻ എന്നിവരാണ് പ്രതികൾ. നിലവിൽ ഇവർ സസ്‌പെൻഷനിലാണ്. കേസിൽ എസ്‌ഐയെ ഉൾപ്പെടെ എട്ട് പൊലീസുകാരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.
പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് നാലു ഡാൻസാഫ് അംഗങ്ങളെ ഉൾപ്പെടുത്തിയ പ്രതിപ്പട്ടിക പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. അമിതമായ ലഹരി ഉപയോഗമാണ് താമിർ ജിഫ്രി(30)യുടെ മരണത്തിനിടയാക്കിയതെന്ന പൊലീസ് വാദത്തിനപ്പുറം മർദനവും മരണകാരണമായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് നടപടി.
കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ ചതവുകൾ അടക്കം 13 പാടുകളെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ആമാശയത്തിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റജി എം കുന്നിപ്പറമ്പനാണ് കേസിന്റെ അന്വേഷണ ചുമതല.
താമിർ ജിഫ്രിയുടെ മുതുകിൽ ചതഞ്ഞ അഞ്ച് പാടുകളും കാലിന്റെ പിൻഭാഗത്ത് മൂന്ന് പാടുകളും ഉൾപ്പെടെ പതിമൂന്ന് പരുക്കുകളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. 18 ഗ്രാം എംഡിഎംഎ യുമായി താമിർ ഉൾപ്പെടെ അഞ്ച്‌പേരെയായിരുന്നു താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ കുഴഞ്ഞുവീണെന്നായിരുന്നു പൊലീസ് ഭാഷ്യം.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി റെജി എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. ഈ മാസം ഒന്നിന് ആണ് മമ്പുറം മൂഴിക്കൽ പി.എം.താമിർ ജിഫ്രി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിക്കെ മരിച്ചത്. സംഭവത്തിൽ താനൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ 8 പേരെ തൃശൂർ റേഞ്ച് ഡിഐജി എസ്.അജിത ബീഗം സസ്‌പെൻഡ് ചെയ്തിരുന്നു. ഇവരിൽ ചിലർ ഒളിവിലാണ്.



