- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; മാനസിക വിഷമത്തിൽ വിഷം കഴിച്ചതെന്ന് പൊലീസ്
കറുകച്ചാൽ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരിയെ റബ്ബർതോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി എംപി.ജോയിയെയാണ് (65) ഗുരുതരാവസ്ഥയിൽ എൻ.എസ്.എസ്. പടിയിലെ റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയത്. ഇയാളെ കറുകച്ചാൽ പൊലീസ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ ബസ്സ്റ്റാൻഡിനുള്ളിൽ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുകയാണ് ഇയാൾ.
ശനിയാഴ്ച രാവിലെ 9.30-ന് ഇയാളുടെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിനിയെ ആണ് ഇയാൾ മൊബൈൽ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് മർദ്ദിച്ചത്. ഇതുകണ്ട് യാത്രക്കാർ ഓടിക്കൂടിയപ്പോൾ, വീട്ടമ്മ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ജോയി പറഞ്ഞു. തുടർന്ന് പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോളാണ് മൊബൈൽ ഫോൺ കടയിൽവെച്ച് മാറിപ്പോയ വിവരം അറിയുന്നത്. പണം നൽകുന്നതിനിടയിൽ വീട്ടമ്മ തന്റെ മൊബൈൽ ഫോൺ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയിൽ അബദ്ധത്തിൽ ഫോൺ മാറി എടുക്കുകയുമായിരുന്നു.
വീട്ടമ്മയുടെ ഫോൺ ജോയിയുടെ മേശപ്പുറത്ത് നിന്നും കണ്ടെത്തി. ഇതോടെ തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയി സമ്മതിച്ചു. വീട്ടമ്മ പരാതി നൽകാതെ കേസിൽനിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് വൈകീട്ട് നാലരയോടെ എൻ.എസ്.എസ്. പടിക്കലെ റബ്ബർ തോട്ടത്തിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ട വിവരം ചിലർ കറുകച്ചാൽ പൊലീസിൽ അറിയിച്ചു. പൊലീസെത്തിയപ്പോളാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്.
ജോയിയെ ഉടനെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലത്തെ സംഭവത്തെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.



