- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാലുവയസുകാരൻ ഇനി അഭിരാം പണിക്കർ; ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം പെരുംകളിയാട്ടത്തിലെ അഗ്നിക്കോലധാരികൾക്ക് പട്ടും വളയും സമ്മാനിച്ചു
കണ്ണൂർ: നാലര പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടത്തിൽ അഗ്നി തെയ്യങ്ങൾ കെട്ടിയാടിയ കോലധാരികൾക്ക് പട്ടും വളയും പണിക്കർസ്ഥാനവും നൽകി ചിറക്കൽ കോലത്തിരി വലിയ രാജ ആദരിച്ചു .
വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കെട്ടിയാടിയ കോലപ്പെരുമലയ സ്ഥാനി കുടുംബത്തിലെ ചിറക്കൽ തട്ടകംജന്മാരി മുരളി പണിക്കർ മകൻ ചിറക്കൽ രാജാസ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിരാമിനും അഗ്നി ഘണ്ടാകർണൻ കോലധാരി പുഴാതി തട്ടകം സ്ഥാനിയായിരുന്ന കൃഷ്ണൻ പെരുമലയൻ മകൻ സന്തോഷിനുമാണ് പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ഞായറാഴ്ച രാവിലെ കോലത്തിരി വലിയ രാജ ചിറക്കൽ ഉത്രട്ടാതി തിരുനാൾ സി.കെ.രാമവർമ ആചാരപ്പെടുത്തിയത്.
പട്ടും വളയും സമ്മാനിച്ച ശേഷം മൂന്നുതവണ കോലധാരിയുടെ പേരിനൊപ്പം -പണിക്കർ - എന്ന ആചാര നാമം മൂന്നു തവണ വലിയരാജ വിളിച്ചപ്പോൾ ഭക്ത ജനക്കൂട്ടം അത് ഏറ്റുചൊല്ലി. ചാമുണ്ഡി കോട്ടം നടയിലെ ചടങ്ങിനു ശേഷം വാദ്യഘോഷത്തോടെ ചിറക്കൽ കോവിലകം മന്ത്രശാല വണക്കം നടത്തി. കോലധാരികൾ വെറ്റില അടക്കയും ദക്ഷിണയും സമർപ്പിച്ചു
പുഴാതിപ്പെരുമലയ സ്ഥാനികൻ എ.വി.കുഞ്ഞിരാമപെരുമലയൻ, നൂഞ്ഞേരി സ്ഥാനികൻ നൂഞ്ഞേരി രഞ്ജിത് മുതൂടൻ , നാറാത്ത് ബാലകൃഷ്ണ പെരുമലയൻ, കൊളച്ചേരി രാമൻ പണിക്കർ, അഴീക്കോട് സന്തോഷ് പണിക്കർ, കൊറ്റാളി എ.വി. ശ്രീകുമാർ പണിക്കർ,
തുടങ്ങി വിവിധ തട്ടകങ്ങളിലെ തെയ്യ സ്ഥാനികരും കോലധാരികളും കർമ്മികളും തെയ്യ ആചാരപ്രകാരം ഇരുവരേയും അനുഗ്രഹിച്ചു. കെ.വി.സുമേഷ് എം.എൽ എ യടക്കമുള്ള ജനപ്രതിനിധികളും തെയ്യാ ചാര സ്ഥാനികരും ചടങ്ങിന് സാക്ഷികളായി.

തുടർന്നു ചാമുണ്ഡി കോട്ടം നടയിൽ നടന്ന അനുമോദന സമ്മേളനം ചിറക്കൽ കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാൾ സി.കെ.രാമവർമ്മ അധ്യക്ഷതയിൽ കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ഹനുമൽ ഇന്റർനാഷണൽ മിഷൻ സ്ഥാപകാധ്യക്ഷൻ സ്വാമി ഹനുമദ് സ്വരൂപാനന്ദ അനുഗ്രഹ ഭാഷണം നടത്തി. പെരും കളിയാട്ടംജനറൽ കൺവീനർ സി.കെ.സുരേഷ് വർമ്മ കമ്മിറ്റി ഉപാധ്യക്ഷൻ യു.പി. സന്തോഷ് , വിവിധ സബ്കമ്മിറ്റി ഭാരവാഹികളായ കെ രഞ്ജിത്ത്,കെ.പി.ജയ ബാലൻ മാസ്റ്റർ, രവീന്ദ്രനാഥ് ചേലേരി,രാജൻ അഴീക്കോടൻ,ബ്ലോക് പഞ്ചായത്ത് മെമ്പർ ചന്ദ്രമോഹൻ, കൈരളി ബുക്സ് ചെയർമാൻ മുരളി മോഹൻ, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, പുഴാതി ദേശ കൂട്ടായ്മ പ്രതിനിധി ഷാജി തുടങ്ങിയവർ സംസാരിച്ചു.
കോവിലകത്ത് ആചാരപ്പെട്ട ചിറക്കൽ അഭിരാം പണിക്കരേയും പുഴാതി സന്തോഷ് പണിക്കരേയും വാദ്യഘോഷത്തോടെ വീടുകളിലേക്ക് ആനയിച്ചു. പുഴാതിയിലെയും ചിറക്കലിലേയും നാട്ടുകാർ ഇരുവർക്കും വൻവരവേല്പാണ് നല്കിയത്. കോലത്തുനാടിന്റെ കുലപരദേവതാ ക്ഷേത്രമായ കളരി വാതുക്കൽ ഭഗവതി ക്ഷേത്രം, ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ തൊഴുത് ശേഷമാണ് അഭിരാം പണിക്കർ ചിറക്കൽ ദേശവാസികളുടെ വരവേല്പ് ഏറ്റുവാങ്ങിയത്.
പുഴാതി ഗണപതി മണ്ഡപത്തിലും മാവിലാകുനിയിടത്ത് തായ്പരദേവതാ ക്ഷേത്രത്തിലും സന്തോഷ് പണിക്കർക്ക് സ്വീകരണവുമുണ്ടായി. ചിറക്കൽ കോവിലകം പെരും കളിയാട്ടത്തിലെ മറ്റു തെയ്യ കോലധാരികളേയും കർമ്മികളേയും ആചാരക്കാരേയും നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആദരിക്കുമെന്ന് ജനറൽ കൺവീനർ സി.കെ.സുരേഷ് വർമ്മ അറിയിച്ചു.




