കണ്ണൂർ: കണ്ണൂരിൽ സിവിൽ പൊലിസുകാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പൊക്കി. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പാസ്‌പോർട്ട് വെരിഫിക്കേഷനായി ആയിരം രൂപ യുവാവിൽ നിന്നും കൈക്കൂലി വാങ്ങിയ സിവിൽ പൊലിസ് ഓഫീസറാണ് വിജിലൻസ് മിന്നൽ പരിശോധനയിൽ കുടുങ്ങിയത്.

ചക്കരക്കൽ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തു നിന്നും പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരനാണ് വിജിലൻസ് പിടിയിലായി. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമർ ഫാറുക്കിനെയാണ് വിജിലൻസ് പിടികൂടിയത്.

കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് റെയ്ഡു നടത്തിയത്. പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കൽ സ്വദേശിയിൽ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് പരാതി കൊടുക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കൽ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുൻവശം വച്ച് ഫിനോഫ്ത്തലിൻ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോൾ വിജിലൻസ് കൈയോടെ പിടികൂടുകയായിരിന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഏഴുമണിയോടെ അറസ്റ്റു രേഖപ്പെടുത്തി.

ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും പാസ്പോർട്ട് വെരിഫിക്കേഷനായി സമീപിക്കുന്നവരിൽ നിന്നും ഉമർ ഫാറൂഖ് കൈക്കൂലി വാങ്ങുന്നതായി നേരത്ത വ്യാപകപരാതിയുയർന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ചു വിവരം ലഭിച്ചുവെങ്കിലും രേഖാമൂലമുള്ള പരാതി വിജിലൻസിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇരിട്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നടത്തിയ റെയ്ഡിൽ എക്സൈസ് അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച രണ്ടു എക്സൈസ് ഓഫീസർമാരെ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്. കണ്ണൂരിലെ പൊലിസുകാർ കൊലപാതകകേസിലെ പ്രതികളായി മാറുന്നതും കൈക്കൂലി കേസിൽ അകപ്പെടുന്നതും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് തലവേദനയായി മാറിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണം നേരിടുന്ന നിരവധി പേരാണ് സേനയിലുള്ളത്.