തിരുവനന്തപുരം: സംസ്ഥാനാതിർത്തികളിലെ വിവിധ ചെക്പോസ്റ്റുകളിൽ നടത്തിയ വിജിലൻസ് റെയിഡിൽ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹനം, എക്‌സൈസ്, മൃഗസംരക്ഷണം വകുപ്പുകൾക്കുകീഴിലെ ചെക്പോസ്റ്റുകളിലാണ് വിജിലൻസിന്റെ മിന്നിൽപരിശോധന നടന്നത്.

തിരുവനന്തപുരം പാറശ്ശാലയിൽ മോട്ടോർവാഹനവകുപ്പ് ചെക് പോസ്റ്റിന് സമീപത്തുണ്ടായിരുന്ന ഏജന്റിൽനിന്ന് 11,900 രൂപയും കൊല്ലം ആര്യങ്കാവ് മോട്ടോർവാഹന ചെക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്തുനിന്ന് 6000 രൂപയും പിടികൂടി. വാളയാർ-ഇൻ ചെക് പോസ്റ്റിൽനിന്ന് പരിശോധന കഴിഞ്ഞു കടന്നുവന്ന മൂന്നുവാഹനങ്ങൾ വിജിലൻസ് പിടികൂടി. അമിതഭാരം കയറ്റിയതിനു 85,500 രൂപ പിഴയീടാക്കി.

എക്‌സൈസ് വകുപ്പിന്റെ ഒട്ടുമിക്ക ചെക് പോസ്റ്റുകളിലും പരിശോധനകൂടാതെ വാഹനങ്ങൾ കടത്തിവിടുന്നതാണ് വിജിലൻസ് സംഘം കണ്ടത്. ചിലയിടങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. തിരുവനന്തപുരം പിരായുംമൂട് ചെക് പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഗൂഗിൾ പേ വഴി 29,250 രൂപ ലഭിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹത്തിന് തൃപ്തികരമായ മറുപടി നൽകാനായില്ല. വിവിധ അതിർത്തി കന്നുകാലിപരിശോധന ചെക് പോസ്റ്റുകളിൽ നടത്തിയ മിന്നൽപരിശോധനയിലും വ്യാപകക്രമക്കേട് കണ്ടെത്തി.