- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽ
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ നഴ്സായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആലപ്പുഴ സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കൊലപാതക ശ്രമത്തിന് ഇയാൾക്കെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭർത്താവും തമ്മിൽ നേരത്തേ കുടുബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് യുവതി.
മൂന്നുമാസം മുമ്പാണ് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയത്. വീട്ടുവഴക്കിനെത്തുടർന്ന് കോട്ടയം സ്വദേശിയായ യുവതി രക്ഷിതാക്കൾക്കൊപ്പം കുമാരനല്ലൂരിലെ വാടകവീട്ടിലാണ് താമസം. നിരന്തര വഴക്കിനെത്തുടർന്ന് യുവതിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കഴിഞ്ഞദിവസം ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. വഴക്കിനെത്തുടർന്ന് മാറിത്താമസിച്ചിരുന്ന ഭർത്താവ് ദിവസങ്ങൾക്കുമുമ്പാണ് വീണ്ടും യുവതിക്കൊപ്പം കുമാരനല്ലൂരിലെ വീട്ടിലെത്തി താമസം തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.