കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടി രൂപയുടെ മയക്കുമരുന്നുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കെനിയയിൽ നിന്നെത്തിയ മുസഫർ നഗർ സ്വദേശി രാജീവ്കുമാറിനെ(27)യാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) കോഴിക്കോട് യൂണിറ്റ് ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയത്. ഇയാളുടെ ബാഗേജിൽനിന്ന് 3490.49 ഗ്രാം കൊക്കെയിനും 1296.2 ഗ്രാം ഹെറോയിനുമാണ് കണ്ടെടുത്തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ്‌ചെയ്തു.

ലഹരിക്കടത്തിൽ കാരിയറാണ് രാജീവ്കുമാർ. ബാഗേജിനകത്ത് ഷൂസുകൾ, പേഴ്സുകൾ, ഹാൻഡ്ബാഗുകൾ, പിക്ചർ ബോർഡുകൾ, ഫോൾഡർ ഫയലുകൾ എന്നിവയുടെയുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികൾക്കുവേണ്ടിയാണ് ഇയാൾ കൊക്കെയിനും ഹെറോയിനും കടത്തിയതെന്നാണു സൂചന.

കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴിയാണ് രാജീവ്കുമാർ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഓഫീസർ സുജിൻ കാരാട്ടിന്റെ നേതൃത്വത്തിൽ ഡി.ആർ.ഐ. സംഘം കരിപ്പൂരിലെത്തി പിടികൂടുകയായിരുന്നു.

കരിപ്പൂരിൽ വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാനെത്തുന്നവർക്ക് ഇവ കൈമാറാനായിരുന്നു ഇയാൾക്കുലഭിച്ച നിർദ്ദേശം. ഇയാളുടെ ഫോണും യാത്രാരേഖകളും ഡി.ആർ.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ മഞ്ചേരി സബ്ജയിലിലേക്കു മാറ്റി.