തിരുവനന്തപുരം: തിരുവോണ നാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കുട്ടനാട്ടിലെ കർഷകരുടെ പട്ടിണിക്കഞ്ഞി സമരം. കുട്ടനാട് മേഖലയിലെ നെൽക്കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നാലുമാസമായിട്ടും കർഷകർക്കു നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്. ഓണസദ്യയും ഓണാഘോഷങ്ങളും ഉപേക്ഷിച്ച് കുട്ടനാട്ടിൽനിന്നുള്ള നൂറിലേറെ കർഷകരാണ് കൊടിക്കുന്നിൽ സുരേഷ് എംപി.യുടെ നേതൃത്വത്തിൽ പട്ടിണിസമരം നടത്തിയത്. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.

സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണിക്കഞ്ഞി തയ്യാറാക്കുകയും ഉച്ചയ്ക്ക് ഓണസദ്യയ്ക്കു പകരം കഞ്ഞി കുടിച്ച് സമരം അവസാനിപ്പിക്കുകയും ചെയ്തു. സത്യാഗ്രഹത്തിന്റെ സമാപനം എം.വിൻസെന്റ് എംഎ‍ൽഎ. ഉദ്ഘാടനം ചെയ്തു. കെപിസിസി. ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, കെപിസിസി. നിർവാഹകസമിതി അംഗം മണക്കാട് സുരേഷ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അലക്സ് മാത്യു, ആലപ്പുഴ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ആലപ്പുഴ ഡി.സി.സി. വൈസ് പ്രസിഡന്റ് സജി ജോസഫ്, കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, യു.ഡി.എഫ്. കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചെക്കോടൻ, കുട്ടനാട് സൗത്ത് മുൻ ബ്ലോക്ക് പ്രസിഡന്റ് വി.കെ.സേവ്യർ എന്നിവർ പട്ടിണിക്കഞ്ഞി സമരത്തിനു നേതൃത്വം നൽകി.