പട്ടാമ്പി: വല്ലപ്പുഴയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർത്തൃമാതാവിനെയും പൊലീസ് അറസ്റ്റുചെയ്തു. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) യെ ആണ് കഴിഞ്ഞ വെള്ളിയാഴ്ച് വീട്ടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഭർതൃഗൃഹത്തിലെ പീഡനം മൂലമാണ് അഞ്ജന ആത്മഹത്യ ചെയ്തതെന്ന് അഞ്ജനയുടെ കുടുബം ആരോപിക്കുന്നു. സംഭവത്തിൽ ഭർത്താവ് ബാബുരാജിനെയും ഭർത്താവിന്റെ അമ്മ സുജാതയെയും ആണ് ഷൊർണൂർ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

തൂങ്ങിയ നിലയിൽ കണ്ട അഞ്ജനയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. കുടുംബവഴക്കും ഭർത്തൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഭർത്താവിനെയും ഭർത്തൃമാതാവിനെയും അറസ്റ്റുചെയ്തത്. നേരത്തേയും ഭർത്തൃപീഡനവുമായി ബന്ധപ്പെട്ട് അഞ്ജന പൊലീസിൽ പരാതിനൽകിയിരുന്നു. കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് ചെറുകോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പറയുന്നു. ആത്മഹത്യാപ്രേരണ, ഭർത്തൃപീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് ഷൊർണൂർ ഡിവൈ.എസ്‌പി. പി.സി. ഹരിദാസ് പറഞ്ഞു.

അറസ്റ്റുചെയ്ത പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി. അഭിനന്ദ് (അഞ്ച്), ആദിദേവ് (മൂന്ന്) എന്നിവർ മക്കളാണ്. അഞ്ജനയുടെ സംസ്‌കാരം കഴിഞ്ഞദിവസം നടന്നു. ശ്രീകൃഷ്ണപുരം പതിയപ്പാറ വീട്ടിൽ ഭക്തവത്സലന്റെയും രജനിയുടെയും മകളാണ് അഞ്ജന.