കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറുപേർക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ യമ്മി ഫ്രൈഡ് ചിക്കൻ എന്ന ഭക്ഷണശാലയിൽനിന്ന് ചിക്കനും മയോണൈസും കഴിച്ചത്.

നടക്കാവ് സ്വദേശികളായ ആറുപേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പത്തുപേരാണ് ഒരുമിച്ച് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഫ്രൈഡ് ചിക്കനും മയോണൈസുമാണ് കഴിച്ചത്. ഇതിൽ മയോണൈസ് കഴിച്ച ആറുപേർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. നാലുപേർ മയോണൈസ് കഴിച്ചിരുന്നില്ല. ഇവർക്ക് അസ്വസ്ഥതകൾ ഒന്നും ഉണ്ടായില്ല.

പഴകിയ ഭക്ഷണം വിൽക്കുന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഒരാഴ്ച മുൻപ് യമ്മി ചിക്കനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.