കണ്ണൂർ: തിരുവോണ നാളിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് റോഡിലെ മാങ്ങാട്, കവിയൂർ ഭാഗത്ത് കാറിലും ഇരുചക്രവാഹനങ്ങളിലും വിദ്യാർത്ഥികൾ അഭ്യാസ പ്രകടനം നടത്തിയതിന് രക്ഷിതാക്കളായ ആറു വാഹന ഉടമകൾക്കെതിരെ ന്യൂമാഹി പൊലിസ് കേസെടുത്തു അയ്യായിരം രൂപ പിഴയീടാക്കി.

ബൈക്കിൽ നിന്നും ഇരുന്നും രണ്ടും മൂന്നും പേർ അമിതവേഗതയിയിൽ റെയ്സിങ് നടത്തുകയും കാറിന്റെ വാതിലുകളിലെ ഗ്ളാസ് വിടവുകളിൽ തല പുറത്തേക്കിട്ടുമാണ് തിരുവോണ നാളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ അതിസാഹസിക പ്രകടനം നടത്തിയത്കാറിന്റെ ഡോർ തുറന്നിട്ടു അതിൽ പിടിച്ചു ശരീരഭാഗംപുറത്തേക്ക് നിന്നുമാണ് കാർ റെയ്സിങ് നടത്തിയത്. ബൈക്കിൽ ഇരുന്നും നിന്നും രണ്ടും മൂന്നുപേർ ഹാൻഡിലിൽ പിടിക്കാതെയും വളരെ അപകടകരമായ നിലയിലാണ് റെയ്സിങ് നടത്തിയത്. നാദാപുരം, പയന്തോങ്ങ്, വട്ടോളി, കുറ്റ്യാടി ഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി വാഹനറെയ്സിങിനായി നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈപ്പാസ് റോഡിലെത്തിയത്.

മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസിന്റെ മാങ്ങാട്, കവിയൂർ ഭാഗങ്ങളിലാണ് ഈ പേക്കൂത്തുകൾ ഏറെയും നടക്കുന്നത്. കുറച്ചുകാലമായി നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ബൈപ്പാസ് റോഡുകൾ ഇത്തരക്കാർ കൈയടക്കിവെച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലാണ അഭ്യാസപ്രകടനങ്ങൾ നടത്താനായി ഇവർ കൂട്ടമായി എത്തുന്നത്. നേരത്തെ തലശേരി നഗരത്തിൽ കാർ കൊണ്ടു യുവാവ് നടത്തിയ അഭ്യാസപ്രകടനത്തിനിടെ സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർത്്ഥി അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് കണ്ണൂരിൽ അരങ്ങേറുന്നത്.

റോഡിൽ അഭ്യാസപ്രകടനത്തിനായി എത്തുന്നകുട്ടി ഡ്രൈവർമാരെ കൊണ്ടു പൊതുജനങ്ങൾ ഭീതിയിലാണ്. പൊലിസും മോട്ടോർ വാഹനവകുപ്പും ശക്തമായ നടപടികളുമായി രംഗത്തുണ്ടെങ്കിലും കുട്ടി ഡ്രൈവർമാരുടെ വിളയാട്ടത്തിന്മാത്രം യാതൊരു കുറവുമുണ്ടാകുന്നില്ല.