കോഴഞ്ചേരി: ആറാട്ടുപുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഐഇഎൽടിഎസ് അദ്ധ്യാപകൻ മരിച്ചു. കുമ്പനാട് വെള്ളിക്കര മാമണത്ത് എം.സി.സാമുവേലിന്റെ മകൻ ജിതിൻ സാമുവേൽ (26 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

വിദേശത്തേക്ക് പോകാൻ മെഡിക്കൽ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കരുനാഗപ്പള്ളിയിൽ പോയി മടങ്ങും വഴിയാണ് അപകടം. ട്രെയിനിൽ ചെങ്ങന്നൂരിൽ വന്നിറങ്ങിയപ്പോൾ കുമ്പനാടിനും കോഴഞ്ചേരിക്കും ബസ് ഉണ്ടായിരുന്നില്ല. സുഹൃത്ത് കുമ്പനാട് കടപ്ര സ്വദേശി എൻസൺ ജോർജിനെ വിളിച്ചു വരുത്തി ആ ബൈക്കിലാണ് മടങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എൻസനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടം നടന്ന് ഇരുവരും റോഡിൽ കിടന്നിട്ടും അതു വഴി വന്ന വാഹനങ്ങൾ ഒന്നും നിർത്തിയില്ല. പിന്നാലെ എത്തിയ ചെങ്ങന്നൂർ അഗ്നിശമന നിലയത്തിലെ വാഹനമാണ് ഇവരെ ആശുപതിയിൽ എത്തിച്ചത്.അപ്പോഴേക്കും ജിതിൻ മരിച്ചു. മാതാവ്: ജിജി. സഹോദരൻ:: ജസ്റ്റിൻ. സംസ്‌കാരം ശനി ഉച്ചക്ക് ഒന്നിന് ഇരവിപേരൂർ കമ്പനിമല ഫിലാഡൽഫിയ ചർച്ച് സെമിത്തേരിയിൽ.