- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ടൂരിൽ തിരുവോണദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നാലു യുവാക്കൾ കൂടി അറസ്റ്റിൽ: കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ തിരുവോണദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാലു യുവാക്കൾ കൂടി പൊലീസ് പിടിയിലായി. നീണ്ടൂർ ചെറുകര തെക്കേതിൽ അശ്വിൻ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. നീണ്ടൂർ മുകളേൽ സുജിത്ത് ബാബു (23), കൈപ്പുഴ താന്നിച്ചുവട്ടിൽ ജോബിൻ ജോണി (22), നീണ്ടൂർ തെങ്ങുംപള്ളിൽ ശിവ സൈജു (24), നീണ്ടൂർ അരിപറമ്പിൽ ഐസക്ക് മാത്യു (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും വിളിച്ചു വരുത്തി ആക്രമിക്കുകയും അശ്വിനെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം ഉണ്ടാവുകയും തുടർന്ന് ഒത്തുതീർപ്പ് ചർച്ച എന്ന വ്യാജേന അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആദ്യം അനന്തു സുരേന്ദ്രൻ (22), അജിത്ത് (24) എന്നിവരെ പിടികൂടി.
പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ 4 പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി ആയി. അറസ്റ്റിലായ ശിവ സൈജുവിന്റെ പേരിൽ ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്‌ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.



