കടയ്ക്കാവൂർ: യുവാക്കൾ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നതു കണ്ട് വിലക്കിയ ഓട്ടോഡ്രൈവർ മർദനമേറ്റു മരിച്ചു. മണമ്പൂർ ശങ്കരംമുക്ക് ശിവശൈലം വീട്ടിൽ ബൈജു(52)വാണ് കൊല്ലപ്പെട്ടത്. മണമ്പൂർ ജങ്ഷനു സമീപം ലോറി പാർക്ക് ചെയ്യുന്ന സ്ഥലത്ത് യുവാക്കൾ സംഘം ചേർന്ന് മദ്യപിക്കുന്നതു കണ്ട് വിലക്കിയ ബൈജുവിനെ യുവാക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ മണമ്പൂർ ജങ്ഷനു സമീപത്ത് ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്തയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മണമ്പൂർ ഗുരുനഗർ ശ്രീമംഗലം വീട്ടിൽ റിനു, മണമ്പൂർ കുഴിവിള വീട്ടിൽ ഷൈബു, മണമ്പൂർ അതിരവിലാസത്തിൽ അനീഷ്, മണമ്പൂർ കെ.എ. ഭവനിൽ അനീഷ്, ഒറ്റൂർ മംഗലത്തുകുന്ന് വീട്ടിൽ വിശാഖ് വി.വിനോദ് എന്നിവരെ കടയ്ക്കാവൂർ പൊലീസ് പിടികൂടി.

യുവാക്കൾ മദ്യപിക്കുന്നതു കണ്ട സമീപവാസിയായ ബൈജു അതു വിലക്കുകയും പ്രതികളോട് അവിടെനിന്നു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കളും ബൈജുവും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ബൈജുവിന് ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ബൈജു ബോധരഹിതനായി. തുടർന്ന് പ്രതികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. രാവിലെ സമീപവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ബൈജുവിനെ മണമ്പൂരുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

എസ്.എച്ച്.ഒ. സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ സജിത്ത്, ലഗേഷ് കുമാർ, എഎസ്ഐ.മാരായ ജയപ്രസാദ്, ശ്രീകുമാർ, എസ്.സി.പി.ഒ. സിയാദ്, ബാലു എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.