കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻ.എസ്.എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസ്. ബിജെപി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'എൻ.എസ്.എസ്. ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയിൽ ബിജെപി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓൺലൈൻ ചാനലിൽവന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എൻ.എസ്.എസ്സിനുള്ളത്. എൻ.എസ്.എസ്. പ്രവർത്തകർക്ക് അവരുടേതായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എൻ.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്ക് പിന്തുണ നൽകി എന്നർഥമില്ല', പ്രസ്താവനയിൽ പറയുന്നു.

മിത്ത് വിവാദത്തിന്റെയും നാമജപഘോഷയാത്രയുടെയും പശ്ചാത്തലങ്ങളിൽ പുതുപ്പള്ളിയിൽ എൻ.എസ്.എസ് ബിജെപിയെ പിന്തുണക്കുമെന്നാണ് വാർത്ത വന്നത്. രണ്ടുദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു.

സമദൂരം ഉപേക്ഷിച്ച് എൻ.എസ്.എസ് പുതുപ്പള്ളിയിൽ ബിജെപിയെ പിന്തുണക്കുമെന്ന് വാർത്ത വന്നിരുന്നു.അതാണ് എൻ.എസ്.എസ് തള്ളിയത്.