തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതായും സെപ്റ്റംബർ മൂന്നോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേരള ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

പുതുതായി രൂപപ്പെടുന്ന ചക്രവാതചുഴി തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടെന്നും കെസിഡിഎംഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാനും സാധ്യത. സെപ്റ്റംബർ ഒന്നുമുതൽ അഞ്ച് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.