ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളോ ആം ആദ്മി പാർട്ടിയോ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടി എംപി രാഘവ് ഛദ്ദ. ഒരൊറ്റ അജണ്ട മാത്രം മുൻനിർത്തിയാണ് ഞങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത്.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി എന്നിവയില്ലാത്ത രാജ്യത്തിനായാണ് എ.എ.പി സഖ്യത്തിന്റെ ഭാഗമായതെന്നും രാഘവ് ഛദ്ദ പറഞ്ഞു. 2014ലേയും 2019ലേയും സീറ്റുകളുടെ എണ്ണമെടുത്താൽ ബിജെപി വെല്ലുവിളി ഉയർത്താൻ മാത്രമല്ല അവരെ തോൽപ്പിക്കാനും ഇന്ത്യ സഖ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈദ്ധാന്തികമായ ഒരു സഖ്യം മാത്രമല്ല ഇന്ത്യ. മീറ്റിങ്ങുകളിൽ മാത്രമല്ല സഖ്യത്തിന്റെ കരുത്ത്. അടിസ്ഥാനതലത്തിൽ വേരുള്ള കൂട്ടായ്മയാണ് ഇന്ത്യയെന്നും രാഘവ് ഛദ്ദ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ സഖ്യം ഒരുമിച്ച് നിൽക്കുമോയെന്ന ചോദ്യത്തിന് അതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് ഛദ്ദ മറുപടി നൽകി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ് ഇപ്പോൾ സഖ്യത്തിന് മുന്നിലുള്ള ലക്ഷ്യമെന്നും രാഘവ് ഛദ്ദ പറഞ്ഞു.