ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുക ആയിരുന്ന നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇതുകണ്ട് വന്ന കുട്ടിയുടെ മൂത്ത സഹോദരൻ നിലവിളിച്ചതാണ് കുട്ടിക്ക് രക്ഷയായത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാ ഫെബിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി മനീത് സിങ്ങിനെ (30) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ സംഭവം. ഇവായും സഹോദരനായ എട്ടു വയസ്സുകാരൻ ഡെനിൽ ഫെബിനും വീട്ടുമുറ്റത്തു പൂക്കളം ഇട്ടു കളിക്കുകയായിരുന്നു. ഡെനിൽ പൂക്കൾ ശേഖരിക്കാനായി സൈക്കിളിൽ സമീപത്തെ വീട്ടിലേക്കു പോയി. ഈ സമയത്താണു ടൈൽ വൃത്തിയാക്കുന്നതിനുള്ള ലായനി വിൽക്കുന്നതിനായി മനീത് സിങ് ഇവരുടെ വീട്ടിലെത്തിയത്. പരിസരത്ത് ആരുമില്ലായെന്നു കണ്ട ഇയാൾ വീട്ടുമുറ്റത്തിരുന്നു കളിക്കുക ആയിരുന്ന ഇവയെ കഴുത്തിൽ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തു ഉണ്ടായിരുന്ന ബുള്ളറ്റിൽ ഇരുത്തി.

ഈ സമയത്താണ് പൂക്കൾ പറിച്ച് ഡെനിൽ മടങ്ങി വന്നത്. കുട്ടിയുമായി കടക്കാൻ ശ്രമിക്കുന്ന മനീത് സിങിനെ കണ്ട ഉടനെ ഡെനിൽ നിലവിളിച്ചു. പിന്നാലെ മനീത് കുട്ടിയെ ഉപേക്ഷിച്ചു സമീപത്തെ ഓട ചാടിക്കടന്നു രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സമീപവാസികളും ഫെബിന്റെ സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ മനീത് സിങ്ങിനെ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തി. പിടിയിലായ ഇയാളെ വീട്ടിലെത്തിച്ചു കുട്ടികളെ കാണിച്ചു പ്രതി തന്നെയാണെന്ന് ഉറപ്പാക്കി. തുടർന്നു പൊലീസിൽ വിവരമറിയിച്ചു. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.