മട്ടന്നൂർ: ഡീസലുമായി പോകുകയായിരുന്ന ടാങ്കർലോറിക്ക് തീപിടിച്ചു. എടയന്നൂർ തെരൂരിലാണ് സംഭവം. ലോറിയുടെ ഡ്രൈവർ ക്യാബിൻ കത്തിനശിച്ചു. ഉടൻ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി.

മട്ടന്നൂർ-കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. വെള്ളപ്പറമ്പിലെ ഒരു സ്ഥാപനത്തിലേക്ക് ഡീസലുമായി പോയ ലോറിക്കാണ് തീപിടിച്ചത്. ക്യാബിന് സമീപത്തുനിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിർത്തി ഡ്രൈവറും പമ്പിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.വിവരമറിഞ്ഞ് മട്ടന്നൂർ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്.

ലോറിയുടെ മുൻവശത്തെ സീറ്റുകൾ ഉൾപ്പെടെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് നിഗമനം. അപകടത്തെത്തുടർന്ന് മട്ടന്നൂർ-കണ്ണൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

മട്ടന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണിക്കൃഷ്ണൻ, ലീഡിങ് ഫയർമാൻ സുരേന്ദ്രബാബു, എൻ.പി. ഷമിത്ത്, പി. സുനിൽ, നവേദ്, പി. വിപിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.