- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
മൂന്ന് വയസ്സുകാരനുമായി അമ്മ കിണറ്റിൽച്ചാടി; കുഞ്ഞു മരിച്ചു: ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയിൽ
ആറ്റിങ്ങൽ: മൂന്ന് വയസ്സുള്ള മകനുമായി അമ്മ കിണറ്റിൽച്ചാടി. കുഞ്ഞ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാമം അനന്യ വീട്ടിൽ നിന്നും മാമം കുന്നുവാരം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെയും രമ്യയുടെയും ഇളയ മകൻ അഭിദേവ് (മൂന്ന്) ആണ് മരിച്ചത്. പരിക്കേറ്റ രമ്യയെ (30) വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. രമ്യയുടെ നില ഗുരുതരമായി തുടരുകയാണ്.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയാണ് രമ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇളയകുട്ടിയായ മൂന്നു വയസ്സുകാരനെ കിണറ്റിലിട്ടശേഷം രമ്യ പിന്നാലേ ചാടുകയായിരുന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേയ്ക്കും നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറ്റിനുള്ളിൽ ബോധരഹിതയായി കിടന്നിരുന്ന രമ്യയെ അഗ്‌നിരക്ഷാസേനയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രമ്യയെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലേക്ക് മാറ്റി. രാജേഷും രമ്യയും ആറ്റിങ്ങലിലെ ഒരു ടെക്സ്‌റ്റൈയിൽ സ്ഥാപനത്തിലെ ജീവനക്കാരാണ്. കുടുംബപ്രശ്നങ്ങളാകാം കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യാനുള്ള ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരുന്നു രമ്യയ്ക്കെന്നാണ് രാജേഷ് പൊലീസിന് നല്കിയിരിക്കുന്ന മൊഴി. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രമ്യയ്ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രമ്യയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ മൊഴി രേഖപ്പെടുത്താൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഗവ.ടൗൺ യു.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിദേവാണ് രാജേഷ്-രമ്യ ദമ്പതിമാരുടെ മൂത്തമകൻ.



