- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ യുവാക്കൾ ശല്യം ചെയ്തപ്പോൾ അപായചങ്ങല വലിച്ച് യുവതി; യുവാക്കളെ കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസ്; റെയിൽവെ ഇന്റലിജൻസും അന്വേഷണം തുടങ്ങി
വളപട്ടണം: കണ്ണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം കാണിച്ച മൂന്ന് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെയാണ് ഇവർ ട്രെയിൻ യാത്രയ്ക്കിടെ ശല്യപ്പെടുത്തിയത്. മംഗ്ളൂരിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിിലാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്കു ശേഷം സംഭവം നടന്നത്.
ട്രെയിനിൽ ഒരേ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മൂന്ന് യുവാക്കൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷൻ വിട്ടപ്പോൾ യുവാക്കളുടെ ശല്യം അധികമായതിനെ തുടർന്ന് സഹികെട്ട യുവതി വളപട്ടണം സ്റ്റേഷനിലെത്തിയപ്പോൾ അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. ഇതിനു ശേഷം റെയിൽവെ സ്റ്റേഷനിലിറങ്ങിയ യുവതി റെയിൽവെ അധികൃതർക്കും പൊലിസിനും പരാതി നൽകി ഇവർ അതേ ട്രെയിനിൽ യാത്ര തുടർന്നു.
ഇതിനിടെ യുവാക്കൾ റെയിൽവെ ജീവനക്കാർക്കു നേരെ തട്ടിക്കയറി. ഇവരെ ശാന്തരാക്കിയതിനു ശേഷം റെയിൽവെ പൊലിസ് കണ്ണൂരിലേക്ക് കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു. എന്നാൽ യുവതി പരാതി നൽകാൻ തയ്യാറായിട്ടില്ല. ബന്ധുക്കളുമായി ആലോചിച്ചു പരാതി നൽകുമെന്ന് ഇവർ റെയിൽവെ പൊലിസിനെ അറിയിച്ചിട്ടുണ്ട്. അപായചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ സംഭവം വളരെ ഗൗരവകരമായാണ് പൊലിസ് കാണുന്നത്. കസ്റ്റഡിയിലെടുത്ത യുവാക്കൾ കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന. സംഭവത്തിൽ റെയിൽവെ ഇന്റലിജൻസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ട്രെയിനിൽ യാത്രക്കാർക്കു നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.




