കൊച്ചി: താനൊരു മഹാസംഭവമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനം വക്കീൽ നോട്ടിസ് അയച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''താനൊരു മഹാസംഭവമാണെന്ന് സ്വയം കരുതുക. എന്നിട്ട് അദ്ദേഹം കരുതും താൻ ചെയ്യുന്നതെല്ലാം നിയമവിധേയമായ കാര്യങ്ങളും ബാക്കിയുള്ളവരെല്ലാം മഹാ അഴിമതിക്കാരുമാണെന്ന്. അദ്ദേഹത്തോട് ഞാൻ ചോദിച്ച കാര്യം ഇപ്പോഴും ചോദിക്കുകയാണ്. സത്യവാങ്മൂലത്തിലെ വരുമാനവും സ്വത്തും തമ്മിലുള്ള ചേരായ്മയെക്കുറിച്ച് വിശദീകരിക്കൂ.

എന്റെ സ്വത്തുക്കളെ സംബന്ധിച്ച കാര്യം വെളിപ്പെടുത്താൻ കുഴൽനാടനെ വെല്ലുവിളിക്കുന്നു. അപ്പോൾ ഞാൻ വിശദീകരിക്കാം. വക്കീൽ നോട്ടിസിന് നിയമപരമായി തന്നെ മറുപടി നൽകും. നമ്മളെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. ഞങ്ങളൊക്കെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായതാണ്. കുഴൽനാടനെക്കാൾ രാഷ്ട്രീയ പാരമ്പര്യമുണ്ട്'' സി.എൻ.മോഹനൻ പറഞ്ഞു.

സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു നിരുപാധികം മാപ്പു പറയണമെന്നും അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിനു 2.5 കോടി രൂപ 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി അഭിഭാഷകനായ റോഹൻ തവാനി മുഖേന കെഎംഎൻപി വക്കീൽ നോട്ടിസ് അയച്ചത്.

കെഎംഎൻപി ലോയ്ക്ക് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫിസുകളുണ്ടെന്നും ഈ ഓഫിസുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.എൻ.മോഹനൻ ആരോപിച്ചിരുന്നു. എന്നാൽ, തങ്ങൾക്കു ദുബായിൽ ഓഫിസ് ഇല്ലെന്നു വക്കീൽ നോട്ടിസിൽ കെഎംഎൻപി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം സ്ഥാപനത്തിനു മാനനഷ്ടവും ധനനഷ്ടവുമുണ്ടാക്കിയതായും വക്കീൽ നോട്ടിസിൽ പറയുന്നു.