- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചാടിപ്പോയി; പൊലീസുകാരെ പറ്റിച്ച് മുങ്ങിയത് ഒഡിഷ സ്വദേശിയായ 34കാരൻ
അടിമാലി: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ചാടിപ്പോയി. ഒഡീഷ ഗജാപതി ജില്ലയിൽ നിന്നുള്ള ഗുരുപതർ വിജയഗമാനാണ് (34) കടന്നുകളഞ്ഞത്. അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ നിന്നാണ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 11.30ന് ഗവ. ഹൈസ്‌കൂളിനു മുൻവശത്തുള്ള റോഡരികിൽ നിന്നാണ് ഇയാൾ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്.
നർകോട്ടിക് സിഐ കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു അറസ്റ്റ്. തുടർന്ന് നർകോട്ടിക് ഓഫിസിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. പുലർച്ചെ മൂന്നിന്, ശുചിമുറിയിൽ പോകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ സമയം പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്. ഇതിലൊരാൾ വിലങ്ങ് അഴിച്ചുമാറ്റി ഇയാളെ ശുചിമുറിയിലേക്കു കയറ്റിവിട്ടു. അൽപസമയത്തിനു ശേഷം പുറത്തേക്ക് ഇറങ്ങിയ പ്രതി ജീവനക്കാരനെ തള്ളിമാറ്റി കടന്നുകളയുകയായിരുന്നു എന്ന് സിഐ കെ.രാജേന്ദ്രൻ പറഞ്ഞു.
ഉടൻ തന്നെ പൊലീസുകാർ പ്രതിയെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒഡീഷയിൽ നിന്ന് അടിമാലിയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന കണ്ണികളിൽ പ്രധാനിയാണ് ഇയാൾ എന്നാണ് എക്‌സൈസ് അധികൃതരുടെ നിഗമനം. കസ്റ്റഡിയിൽ നിന്ന് പ്രതി കടന്നുകളഞ്ഞതു സംബന്ധിച്ച് എക്‌സൈസ് അധികൃതർ ഇന്നലെ ഉച്ചയോടെ അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ, പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരെ വകുപ്പുതല നടപടിയുടെ ഭാഗമായി ഇടുക്കിയിലേക്കും പീരുമേട്ടിലേക്കും സ്ഥലംമാറ്റി. സംഭവത്തിൽ എക്‌സൈസ് വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.



