തിരുവനന്തപുരം: നഗരമധ്യത്തിലെ വീട്ടിലേക്കു രക്തം പുരണ്ട കയ്യുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഒരു മണിക്കൂറോളം. ദൂരദർശൻ കേന്ദ്രം പ്രഥമ ഡയറക്ടറും സാഹിത്യനിരൂപകനുമായ കെ.കുഞ്ഞിക്കൃഷ്ണന്റെ പിടിപി നഗറിലെ വീട്ടിലാണ് അജ്ഞാതനായ യുവാവ് പരാക്രമം നടത്തിയത്. യുവാവിനെ കണ്ട് പേടിച്ച് വീടിനകത്തു കയറിയ വീട്ടുകാർ ഭയന്നു വിറച്ചു. പൊലീസിനെ വിളിച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ നാട്ടുകാർ സംഘടിച്ച് യുവാവിനെ കോംപൗണ്ടിനു പുറത്തിറക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കു 2.45ന് ആയിരുന്നു സംഭവം. ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ഓടിക്കയറിയ യുവാവ് വാതിലുകൾ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. അടുക്കള വാതിലും മുൻവാതിലുമെല്ലാം ചവിട്ടി തുറക്കാൻ ഇയാൾ ശ്രമം നടത്തി. ഇതോടെ ഭയന്ന വീട്ടുകാർ സഹായം അഭ്യർത്ഥിച്ച് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലും പൊലീസ് കൺട്രോൾ റൂമിലും പലതവണ വിളിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ഒരു മണിക്കൂർ കഴിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുക്കാതെ വിരട്ടി ഓടിച്ചു വിടുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ കുഞ്ഞിക്കൃഷ്ണൻ ഡിജിപിക്കും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലും ഇമെയിൽ വഴി പരാതി അയച്ചു. മതിൽ ചാടിക്കടന്നാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയത്. തന്നെ കൊല്ലാൻ ആരോ വരുന്നുവെന്നു ഹിന്ദിയിലും തമിഴിലും വിളിച്ചു പറഞ്ഞ് അടുക്കളഭാഗത്തേക്കാണ് ഇയാൾ ആദ്യം ഓടിക്കയറിയത്. അടുക്കളവാതിൽ അടച്ചപ്പോൾ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇതോടെ ഭയചകിതരായ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചപ്പോൾ തിരക്കിലാണെന്നും വിവരം സ്റ്റേഷനിൽ അറിയിക്കാമെന്നുമാണു പറഞ്ഞത്.

യുവാവ് വീണ്ടും വാതിൽ ചവിട്ടിയും തള്ളിയും തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിളി വരാത്തതിനാൽ പൊലീസ് സ്റ്റേഷനിലേക്കു ഫോൺചെയ്തു. എന്നാൽ വാഹനം ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പിന്നീട് ഭാര്യയും താനും പലതവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുഞ്ഞിക്കൃഷ്ണൻ പറയുന്നു. പൊലീസ് ആസ്ഥാനത്തെ ലാൻഡ് ഫോൺനമ്പറിലും ഐജിയുടെ നമ്പറിലും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഒടുവിൽ വീണ്ടും വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് വിളിച്ചു. ഈ സമയം അയൽവാസികൾ എത്തി യുവാവിനെ കോംപൗണ്ടിന് വെളിയിൽ ഇറക്കി. പിന്നീട് രണ്ട് പൊലീസുകാർ എത്തി അക്രമിയെ ഓടിച്ചു വിടുകയുമായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് കടന്നു കയറിയതെന്നും ഭക്ഷണത്തിനു വേണ്ടിയാണ് വീടുകളിൽ കയറിയതെന്നുമാണ് വട്ടിയൂർക്കാവ് പൊലീസ് പറയുന്നത്. വിവരം അറിയിക്കുമ്പോൾ സ്റ്റേഷനിൽ ജീപ്പ് ഇല്ലായിരുന്നു. ആകെയുള്ള മൂന്നു ജീപ്പിൽ ഒരെണ്ണം കട്ടപ്പുറത്താണ്. ഒരെണ്ണം ഓണം ഘോഷയാത്രയുടെ ഡ്യൂട്ടിക്കും മൂന്നാമത്തെ വാഹനം തെളിവെടുപ്പിനും പോയിരുന്നു. ഘോഷയാത്ര ഡ്യൂട്ടിയുള്ളതിനാൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥരും കുറവായിരുന്നുവെന്നാണ് പൊലീസിന്റെ ന്യായം .