പാലക്കാട്: യാക്കര ചടനാംകുറിശ്ശിയിൽ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന് തീപ്പിടിച്ചു കത്തി നശിച്ചു. നല്ലേപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാർഡംഗം യു. അനിഷയുടെ സ്‌കൂട്ടറാണ് തീപ്പിടിച്ച് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ പുക ഉയരുകയും പിന്നാലെ തീ പിടിച്ച് ആളിക്കത്തുകയുമായിരുന്നു.

നല്ലേപ്പിള്ളി ഇരട്ടക്കുളത്തെ ഭർതൃഗൃഹത്തിൽനിന്ന് യാക്കര ചടനാംകുറിശ്ശിയിലുള്ള സ്വന്തം വീട്ടിലേക്ക് വെള്ളിയാഴ്ചയാണ് അനിഷയും രണ്ടുമക്കളുമെത്തിയത്. വീടിനുസമീപം റോഡരികിലാണ് സ്‌കൂട്ടർ നിർത്തിയിട്ടിരുന്നത്. ശനിയാഴ്ച വൈകീട്ട് പാലക്കാട്ടേക്ക് പോകാനായി അനിഷ സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. സ്‌കൂട്ടറിന്റെ പിറകിൽനിന്ന് പുകവരുന്നുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മകൻ പ്രവീൺ പറഞ്ഞയുടൻ അനിഷ സ്‌കൂട്ടറിനുസമീപത്തുനിന്ന് മാറിനിന്നു. പുക വന്നതിനുപിറകെ സ്‌കൂട്ടറിൽനിന്ന് തീയുയർന്നതോടെ അനിഷയും മകനും ഓടിമാറി രക്ഷപ്പെടുക ആയിരുന്നു

കൃത്യസമയത്ത് സ്‌കൂട്ടറിനുസമീപത്തു നിന്ന് ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും സ്‌കൂട്ടർ ആളിക്കത്തുന്നതിനാൽ വെള്ളമൊഴിച്ച് കെടുത്താൻ സാധിച്ചില്ല. മുക്കാൽ മണിക്കൂറോളം സ്‌കൂട്ടർ കത്തി. അനിഷ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഇരുപതുമിനിറ്റോളമെടുത്താണ് തീയണച്ചതെന്ന് പാലക്കാട് അഗ്‌നിരക്ഷാസേനാധികൃതർ പറഞ്ഞു.