- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ജനറൽ കോച്ചിൽ മാഹിയിൽ നിന്ന് മദ്യപിച്ച് കയറിയവർ യുവതിയോട് അപമര്യാദയായി സംസാരിച്ചു തുടങ്ങി; വണ്ടി വളപട്ടണത്തെത്താറായപ്പോൾ വീണ്ടും ശല്യം വർധിച്ചു. യുവതി ചങ്ങല വലിച്ച് വണ്ടി നിർത്തി; മൂന്ന് പേർ അറസ്റ്റിൽ; നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്‌പ്രസിൽ സംഭവിച്ചത്
കണ്ണൂർ: നാഗർകോവിൽ-മംഗളൂരു (16606) ഏറനാട് എക്സ്‌പ്രസിൽ യുവതിക്കുനേരെ അതിക്രമം ചർച്ചയാക്കുന്നത് തീവണ്ടിക്കുള്ളിലെ സുരക്ഷാ കുറവ്. ശല്യം സഹിക്കവയ്യാതെ യുവതി ചങ്ങല വലിച്ച് വണ്ടി നിർത്തി. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ നേരെ തീവണ്ടിക്കുള്ളിൽ യുവതിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു. എന്നിട്ടും ആരും ചോദിക്കാൻ ഉണ്ടായില്ല. സഹികെട്ടപ്പോഴാണ് ചങ്ങല വലിച്ചു നിർത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂൽ സൗത്ത് സ്വദേശികളായ ടി.ഫയാസ് (26), മുഹമ്മദ് ഷാഫി (36), സി.അബ്ദുൾ വാഹിദ് (35) എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. തീവണ്ടിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ്. യുവതി പക്ഷേ, പരാതി നൽകിയില്ല. അതുകൊണ്ടാണ് പീഡനക്കുറ്റം ചുമത്താൻ കഴിയാത്തത്.
ജനറൽ കോച്ചിൽ മാഹിയിൽനിന്ന് മദ്യപിച്ച് കയറിയ ഇവർ യുവതിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെത്തുന്നതുവരെ മോശം പെരുമാറ്റം തുടർന്നു. പിന്നീട് കുറഞ്ഞു. എന്നാൽ വണ്ടി വളപട്ടണത്തെത്താറായപ്പോൾ വീണ്ടും ശല്യം വർധിച്ചു. തുടർന്ന് യുവതി ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. മൂന്നുപേരെയും യാത്രക്കാർ പിടിച്ചുവെച്ചു. വളപട്ടണം പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് മൂന്നുപേരെയും റെയിൽവേ പൊലീസിന് കൈമാറി.



