- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വിസ വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങൾ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
ചെറുതോണി: വിസ വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞ ആളെ ഏറ്റുമാനൂരിൽ നിന്നും മുരിക്കാശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം വെള്ളിമുക്ക് മാളിയേക്കൽ മുസ്തഫയാണ് (53) ഒളിവിൽ കഴിഞ്ഞ ലോഡ്ജിൽ നിന്നും അറസ്റ്റിലായത്. ഉദ്യോഗാർഥികളുടെ പണവും സർട്ടിഫിക്കറ്റുകളും കൈവശംവെച്ച് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഏറ്റുമാനൂരിലെ ലോഡ്ജിൽ ഒളിവിൽ താമസിച്ച പ്രതിയെ മുരിക്കാശ്ശേരി എസ്‌ഐ. അജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. അനീഷ്, ഇ.എസ്. രതീഷ്, സിവിൽ പൊലീസ് ഓഫീസർ ജയേഷ് ഗോപി എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
ഇയാൾ കോട്ടയത്തുള്ള സുഹൃത്തിന്റെ അടുത്തെത്താൻ സാധ്യതയുള്ളതായി മനസ്സിലാക്കിയ പൊലീസ്, കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇടുക്കി സൈബർ പൊലീസിന്റെ സഹായത്തോടെ പ്രതി മുസ്തഫ മുംബൈയിൽ ഉണ്ടെന്ന് മുരിക്കാശ്ശേരി പൊലീസ് കണ്ടെത്തിയിരുന്നു. മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ. അഷറഫ്, ഇ.കെ. അഷറഫ് എന്നിവർ മുംബൈയിലെത്തിയപ്പോൾ, പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് വിമാനത്തിൽ കേരളത്തിലേക്ക് പോന്നു.
മുംബൈയിലും ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിരുന്നു. അവിടെയുള്ള ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിവെച്ചിരുന്ന സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ട് അടക്കമുള്ള രേഖകളും പ്രതിയുെട പക്കൽനിന്ന് കണ്ടെത്തി.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽപ്പെട്ടവരും തട്ടിപ്പിന് ഇരയായി. തട്ടിയെടുക്കുന്ന തുകകൊണ്ട് ഇയാൾ ആർഭാടജീവിതം നയിക്കുകയായിരുന്നെന്ന് ഇടുക്കി ഡിവൈ.എസ്‌പി. ജിൽസൺ മാത്യു പറഞ്ഞു. പ്രതിയെ കോടതി റിമാൻഡുചെയ്തു.



